Begin typing your search above and press return to search.
വിമാനയാത്ര പോലെ ഇനി ട്രെയിനില്‍ ആഡംബരയാത്ര, നിരക്ക് തുച്ഛം; വന്ദേഭാരത് സ്ലീപ്പര്‍ ഞെട്ടിക്കും, വീഡിയോ കാണാം
രാജ്യത്തെ ട്രെയിന്‍ യാത്രയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കി എത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഈ മാസം ആരംഭിക്കും. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ എത്തിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി.
പൂര്‍ത്തിയായ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ചിത്രങ്ങളും വീഡിയോയും അശ്വിനി വൈഷ്ണവ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇത് വലിയ തോതില്‍ പ്രശംസ നേടുകയുണ്ടായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അടിമുടി വ്യത്യസ്തത, ആഡംബരം
ഇന്ത്യ ആദ്യമായി നിര്‍മിക്കുന്ന തദ്ദേശീയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ബംഗളൂരുവിലേത്. 16 കോച്ചുകളും 823 ബെര്‍ത്തുകളുമാണ് ഈ സെമി ഹൈസ്പീഡ് ട്രെയിനിനുള്ളത്. ദിവസവും 800 മുതല്‍ 1,200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. ഈ ദൂരത്തിനിടയ്ക്കുള്ള സര്‍വീസ് നടത്താനായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ഉപയോഗിക്കുക.
ഓരോ കോച്ചും വ്യത്യസ്തതയും ആഡംബരവും നിറച്ചാണ് നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ രീതിയിലുള്ള യാത്ര അനുഭവം നല്‍കുന്ന രീതിയിലാണ് ഡിസൈനിംഗെന്ന് കണ്‍സള്‍ട്ടന്റായ ഇ.സി എന്‍ജിനിയറിംഗ് പറയുന്നു. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ബോഗികള്‍ നിര്‍മിച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
ഓട്ടോമാറ്റിക് വാതിലുകള്‍, റീഡിംഗ് ലാംപ്, ചാര്‍ജിംഗ് പോയിന്റ്, ലഘുഭക്ഷണ മേശ, തീപടരുന്നത് തടയാന്‍ പ്രത്യേക സംവിധാനങ്ങള്‍, പുതിയ ഡിസൈനിലുള്ള ടോയ്‌ലറ്റുകള്‍, കൂടുതല്‍ മെച്ചപ്പെട്ട എ.സി, ജി.എഫ്.ആര്‍.പി ഇന്റീരിയര്‍ പാനലുകള്‍ എന്നിവയെല്ലാം വന്ദേഭാരത് സ്ലീപ്പറിന് മാറ്റുകൂട്ടും.
വേഗതയിലും മുന്നില്‍
ശരാശരി 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ സര്‍വീസ് നടത്താന്‍ വന്ദേഭാരത് സ്ലീപ്പറിന് സാധിക്കും. പരീക്ഷണ ഘട്ടത്തില്‍ 180 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രയല്‍ റണ്‍ നടത്തുകയെന്നാണ് വിവരം.
നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജധാനി എക്‌സ്പ്രസിന്റേതിന് സമാന ടിക്കറ്റ് ചാര്‍ജാകും വന്ദേഭാരതിനും ഈടാക്കുകയെന്നാണ് വിവരം. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ ഈ പുത്തന്‍ ട്രെയിനിന്റെ വരവ്.
Next Story
Videos