രാജകീയം! രാജധാനി എക്‌സ്പ്രസിനെയും വെല്ലും പുതിയ വന്ദേഭാരത് സ്ലീപ്പര്‍
ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന പുതിയ വന്ദേഭരത് സ്ലീപ്പര്‍ ട്രാന്‍സിന്റെ പുതിയ കോച്ചുകള്‍ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു ബി.ഇ.എം.എല്ലില്‍ (Bharat Earth Movers Limited) നിര്‍മ്മാണത്തിലിരിക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ രാത്രിയാത്രകള്‍ കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമാക്കുന്ന രീതിയിലാണ് ഒരുക്കുന്നത്. വരും മാസങ്ങളില്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേയ്ക്കിത് ചരിത്രനിമിഷമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിലുള്ള രാജധാനി എക്‌സ്പ്രസ് ടെയിനുകളേക്കാള്‍ മുന്തിയ സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. 160 കിലോമീറ്റര്‍ വേഗമാണ് ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ യാത്രസമയം ഗണ്യമായി കുറയ്ക്കാനാകും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 എ.സി 3 ടയര്‍ കോച്ചുകളും 4 എ.സി 2 ടയര്‍ കോച്ചുകളും ഒരു എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ടാകും.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്ലറ്റുകളും ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകളും തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും. രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച കുഷ്യനിംഗ് ഉള്ള കൂടുതല്‍ സുഖപ്രദമായ ബര്‍ത്തുകള്‍, സാധാരണ സ്ഥലങ്ങളില്‍ സെന്‍സര്‍ അധിഷ്ഠിത ലൈറ്റിംഗ്, മികച്ച കപ്ലറുകളുള്ള ജെര്‍ക്ക്-ഫ്രീ റൈഡ് എന്നിവയാണ് ട്രെയിനിന്റെ സവിശേഷതകള്‍.
മൊത്തം 823 ബര്‍ത്തുകള്‍ ഓരോ തീവണ്ടിയിലുമുണ്ടാകും. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി 2023 മേയിലാണ് ബി.ഇ.എം.എലിന് 16 കോച്ചുകള്‍ വീതമുള്ള പത്ത് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത്. ഇതിലെ ആദ്യ കോച്ചാണ് നിലവില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.