വന്ദേഭാരതും സ്ലീപ്പറും മുതല്‍ വന്ദേ സാധാരണ്‍ വരെ: വ്യത്യാസമറിയാം

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാനും കഴിയും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്) രൂപ കല്‍പ്പനയും നിര്‍മാണവും. മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേര് നല്‍കിയത്.

ശതാബ്ദി എക്സ്പ്രസിന് സമാനമായി ഒരു ദിവസത്തില്‍ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പകല്‍ മാത്രമുള്ള ട്രെയിന്‍ സര്‍വീസുകളാണ് ഇവ. ഈ ട്രെയിനിന് മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

16 എയര്‍ കണ്ടീഷന്‍ കോച്ചുകളാണ് ട്രെയിനിലുള്ളത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍ ആണ് ഉള്ളത്. ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, ഭിന്ന ശേഷിക്കാർക്കായി പ്രത്യേക സംവിധാനങ്ങള്‍, ഓണ്‍-ബോര്‍ഡ് ഹോട്ട്സ്പോട്ട് വൈ-ഫൈ,മികച്ച ഇരിപ്പിടങ്ങള്‍, ബയോ വാക്വം ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്.

വന്ദേ സ്ലീപ്പര്‍

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ ദിവസമാണ് വന്ദേ സ്ലീപ്പറിന്റെ മാതൃകാ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വേഗമേറിയതും സൗകര്യപ്രദവുമായ യാത്ര നല്‍കുകയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചിന്റെയും ലക്ഷ്യം. ഒറ്റ രാത്രി കൊണ്ട് ഏറെ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന ട്രെയിനുകളാകും ഇത്. അതായത്, സാധാരണ വന്ദേ ഭാരതിനേക്കാള്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാകും ഈ ട്രെയിനുകള്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. വരുന്ന ഫെബ്രുവരിയോടെ ഇത് പുറത്തിറങ്ങുമെന്നാണ് വിവരം.

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (BEML) സംയുക്തമായാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുക. സ്ലീപ്പര്‍ കോച്ചിന് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളുള്ള ക്ലാസിക് വുഡന്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്. കോച്ചുകളില്‍ അത്യാധുനികവും ആകര്‍ഷകവുമായ ക്രമീകരണങ്ങളാണ് നല്‍കിയിട്ടുള്ളത്.

വന്ദേ മെട്രോ

വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പിനൊപ്പം ആദ്യത്തെ വന്ദേ മെട്രോ ട്രെയിനും 2024 ജനുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.സി.എഫ് തന്നെയാണ് വന്ദേ മെട്രോയും വികസിപ്പിക്കുന്നത്. 12 കോച്ചുകളുള്ള ട്രെയിനാണ് വന്ദേ മെട്രോ, ഇത് ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കും.

വന്ദേ സാധാരണ്‍

സാധാരണക്കാര്‍ക്ക് തുച്ഛമായ നിരക്കിൽ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സര്‍വീസാണ് വന്ദേ സാധാരണ്‍. വന്ദേ അന്ത്യോദയ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിന്‍ ഈ വര്‍ഷം അവസാനത്തോടെ ട്രാക്കിൽ ഇറക്കുമെന്നാണ് വിവരം.

വന്ദേഭാരത് എക്സ്പ്രസിന് സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകുമെങ്കിലും എ.സി സര്‍വീസ് ആയിരിക്കില്ല വന്ദേ സാധാരണില്‍. ചെലവ് കുറഞ്ഞ യാത്ര യാത്ര ഉറപ്പുവരുത്തുന്ന അണ്‍ റിസേര്‍വ്ഡ്, സെക്കന്‍ഡ് ക്ലാസ് 3-ടിയർ സ്ലീപ്പര്‍ എന്നീ ക്ലാസുകള്‍ വന്ദേ സാധാരണ്‍ ട്രെയിനില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3-ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിങ്ങനെ ആകെ 24 കോച്ചുകള്‍ ഇതിനുണ്ടാകും. ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

സിസി ടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍, ഇന്‍ഫോ സിസ്റ്റം, ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയും വന്ദേ സാധാരണില്‍ ഉണ്ടാകും. ഇരു വശത്തും ലോക്കോമോട്ടീവ് എന്‍ജിനുകളും ഉണ്ടാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it