

തട്ടുപൊളിപ്പനായ ചിലത് ചെയ്യാന്‍ പോകുന്നു എന്ന ഭാവത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍. തകര്‍പ്പന്‍ പ്രകടനമാണ് വരാന്‍ പോകുന്നതെന്ന് ചിന്തിച്ച് ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് ബഹുഭൂരിപക്ഷം. രണ്ടും സംഭവിക്കാന്‍ വൈകുമ്പോള്‍ കേരളത്തിന്റെ ആത്മഗതം ഉയര്‍ന്നുകേള്‍ക്കുന്നുണ്ടോ? - 'ഒന്ന് തേങ്ങ
ഉടയ്ക്കെന്റെ സ്വാമീ..!' ഭരണമാറ്റം സംഭവിച്ചിട്ട് ദിവസം 100 കഴിഞ്ഞു. പക്ഷേ, ഒന്നും നടക്കുന്നില്ല എന്നൊരു തോന്നല്‍.
ഒരു മോഹഭംഗം. അത് രാഷ്ട്രീയാതീതമായി നാടിന്റെ വികാരത്തെ ഗ്രസിച്ചു തുടങ്ങുന്നുണ്ട്. പിണറായിയെ മാറ്റി. സതീശനെ വാഴിച്ചു. അങ്ങനെ, ഉദ്ദേശിച്ചത് സംഭവിപ്പിച്ച വോട്ടറുടെ മനസിലാണ് മൂന്ന് മാസംകൊണ്ട് ഇത്തരമൊരു തോന്നല്‍. ഒന്നും ചെയ്യാത്തതല്ല. ചെയ്യുന്നത് പോരെന്നാണ് വികാരം. അടുത്തിടെ ഭരണം മാറിയത് കേരളത്തില്‍ മാത്രമല്ല. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ്. പുതുച്ചേരി ഒഴിച്ചാല്‍ എല്ലായിടത്തും സംഭവിച്ചത് വന്‍ അട്ടിമറി.
ഭരണവിരുദ്ധ വികാരത്തിന്റെ ആവേശത്തോടെ വന്നത് മൂന്ന് 'സ്മാര്‍ട്ട് ബോയ്‌സ്'. മൂന്ന് പേരും പുതുമുഖങ്ങള്‍. ഇതില്‍ ഏത് ബോയിയാണ് കൂടുതല്‍ സ്മാര്‍ട്ട്? ജനം വിശകലനത്തിലാണ്. തേങ്ങ ഉടച്ചത് തമിഴ്നാട് എല്ലാവര്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. പശ്ചിമ ബംഗാളില്‍ അതുകൊണ്ടുതന്നെ, സുവേന്ദു അധികാരി 100 കടന്നത് പലവിധ വിവാദങ്ങളുടെ അകമ്പടിയോടെയാണ്. ഡിഎന്‍എയില്‍ വിമര്‍ശനബുദ്ധി ഒരു കഴഞ്ച് കൂടുതലുള്ള മലയാളികള്‍ക്കിടയില്‍ വിവാദങ്ങളില്ലാതെ ജീവിച്ചുപോകാന്‍ വി.ഡി സതീശന്‍ തുടക്കത്തിലേ പാടുപെടുന്നുണ്ട്.
സിനിമയാണ് പ്രൊഫഷനെങ്കിലും ഈ രണ്ടുപേരെയും ജോസഫ് വിജയ് പിന്തള്ളിയെന്നാണ് ആദ്യ നൂറില്‍ കാണാന്‍ കഴിയുക. കര്‍ഷകരെയും യുവ ജനങ്ങളെയും വനിതകളെയും സന്തോഷിപ്പിക്കുന്ന നിരവധി നടപടികള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇതിനകം വന്നുകഴിഞ്ഞു. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, 150 ദിന തൊഴിലുറപ്പ്, സര്‍ക്കാര്‍ ആശുപത്രികളില്‍ പിറക്കുന്ന കണ്‍മണികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണമോതിരം എന്നിങ്ങനെ പോകുന്ന 'ഫ്രീബീസ്' ഒരുവശത്ത്. വിദ്യാലയങ്ങളുടെ സമീപത്തെ മദ്യക്കടകള്‍ പൂട്ടിയതും മയക്കുമരുന്നിനെതിരായ ദൗത്യസേനയുടെ നടപടികളുമൊക്കെ മറുവശത്ത്.
തമിഴ്‌നാടിനെ നിക്ഷേപ സൗഹൃദമാക്കി രാജ്യത്തെ തന്നെ പ്രമുഖ വ്യവസായ-ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള ദീര്‍ഘകാല കാഴ്ചപ്പാടും വിജയ് എന്ന 'സിനിമാക്കാരന്‍' കാണിക്കുന്നു. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് 100 ദിവസത്തിനകം വിജയ് തമിഴ്‌നാടിനായി നേടിയെടുത്തത്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങള്‍ക്ക് ഒപ്പമോ, മുന്നിലോ എത്താനുള്ള തമിഴ്‌നാടിന്റെ ശ്രമത്തില്‍ പുതിയ മുതല്‍ക്കൂട്ട്. തമിഴ്‌നാട്ടുകാരായ പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രത്യേക നിക്ഷേപ സൗകര്യ വിഭാഗം തുറക്കുകയും ചുവപ്പുനാടകള്‍ അഴിക്കുകയുമാണ്.
പൊതു ഇടങ്ങളില്‍ മമതയുടെ നാളുകളില്‍ തേച്ച വെള്ളയും നീലയുമൊക്കെ പശ്ചിമ ബംഗാളില്‍ കാവിക്ക് വഴിമാറുന്നുണ്ട്. സ്‌കൂളുകളിലും മദ്രസകളിലും അസംബ്ലികളില്‍ വന്ദേമാതരം നിര്‍ബന്ധം. ബിജെപി ലൈനിലുള്ള ഇത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കിടയില്‍ പുതിയ വികസന തുടക്കങ്ങളും ഉണ്ടാവുന്നുണ്ട്. 4,000 കോടിയുടെ ഉരുക്കുശാല പദ്ധതി, തേയില എസ്റ്റേറ്റുകളുടെ പുനരുജ്ജീവന നടപടികള്‍ എന്നിങ്ങനെ പോകുന്നു അവ. നിക്ഷേപം ആകര്‍ഷിക്കാന്‍ 100 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് സംവിധാനം വരുകയാണ് പശ്ചിമബംഗാളില്‍.
വലിയ പുരോഗതികളിലേക്ക് വഴിനടത്താന്‍ പാകത്തില്‍, ഉറച്ച തീരുമാനങ്ങള്‍ എടുക്കാവുന്ന വിധം, യാതൊരു വിധ അനിശ്ചിതത്വങ്ങള്‍ക്കും ഇടനല്‍കാത്ത വ്യക്തമായ ജനവിധി കേരളത്തില്‍ യുഡിഎഫിന്റെ അടിത്തറയാണ്. പ്രതിപക്ഷം ഒറ്റപ്പെട്ട നിലയില്‍. ബഹുഭൂരിപക്ഷം പിന്തുണയുമായി തനിക്ക് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രിക്ക് അഭിമാനിക്കുകയുമാകാം. എന്നിട്ടും എല്ലാമൊന്ന് ചിട്ടപ്പെടുത്താന്‍ വല്ലാതെ സമയമെടുക്കുന്നു. പുതിയ തുടക്കങ്ങളിലേക്ക് കൈവെക്കാനാണെങ്കില്‍ ഒരു മടി; ഒരു ശങ്ക- അത് പ്രകടമാണ്.
പണഞെരുക്കത്തിന്റെയോ, കഴിഞ്ഞ സര്‍ക്കാറിന്റെ പിഴവുകളുടെയോ മാത്രം പ്രശ്‌നമല്ല അത്. മയക്കുമരുന്നിനെതിരായ തൂഫാനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പോലുള്ള നടപടികള്‍ ചെറുതല്ല. എന്നാല്‍ ടാറ്റയുടെ കപ്പല്‍ നിര്‍മാണ കേന്ദ്രത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിലോ, വ്യവസായിയെ കാണാന്‍ ഹെലികോപ്റ്ററില്‍ കൊച്ചിക്ക് പോയെന്ന വിശദീകരണത്തിലോ വികസനത്തുടക്കങ്ങള്‍ ആരും സംശയിക്കുന്നില്ല! പ്രവാസി നിക്ഷേപം മുതലാക്കാന്‍ തമിഴ്‌നാട് ചെയ്യുന്നത്, ഇത്ര ശക്തമായൊരു പ്രവാസി സമൂഹമുള്ള കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല തുടങ്ങിയ സംശയങ്ങള്‍ ഉയരാതിരിക്കുന്നുമില്ല.
എന്നുവെച്ചാല്‍, വാചകമടിക്ക് ഇനി ആസ്വാദ്യത കുറഞ്ഞുവരും. കേരളത്തിനും തങ്ങള്‍ക്കും വേണ്ടി പുതിയ സര്‍ക്കാര്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് കൃത്യമായി അളക്കുന്നൊരു ജെന്‍സിയുടെ മുന്നിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. അവര്‍ പരിമിതികള്‍ കേള്‍ക്കാന്‍ നില്‍ക്കുന്നവരല്ല. ഭരണത്തിലെ പതിവ് തട്ടിക്കൂട്ടുകളോ, മത-സമുദായങ്ങളെ തൃപ്തിപ്പെടുത്താനുള്ള നമ്പറുകളോ അവര്‍ക്ക് വിഷയവുമല്ല. അവര്‍ക്ക് വേണ്ടത് ആക്ഷനാണ്.
അതുണ്ടായില്ലെങ്കില്‍, തേങ്ങയുടക്കാന്‍ താരം ശങ്കിച്ചും സംശയിച്ചും നില്‍ക്കുന്ന സിനിമ രംഗത്തിലെന്ന പോലെ അവര്‍ പറയും;
'ഒന്നു തേങ്ങയുടയ്‌ക്കെന്റെ സ്വാമീ...!'
(ധനം മാഗസിനില്‍ സെപ്റ്റംബര്‍ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine