വാഹനങ്ങള്‍ക്ക് രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി, ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി

രാത്രി കാലങ്ങളില്‍ റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കും
Kerala MVD
Image Courtesy: Canva
Published on

സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഓടിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തൃശ്ശൂർ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു. വണ്ടിയോടിച്ചിരുന്ന ക്ലീനര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല. രാത്രികാല പരിശോധന ഇനിമുതല്‍ കര്‍ശനമായി നടപ്പാക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുകയാണ്.

രാത്രി കാലങ്ങളില്‍ റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കും. റോഡിന്റെ വശങ്ങളില്‍ കിടന്നുറങ്ങരുതെന്ന് പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുളളതാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും.

എന്‍.ജി.ഒ കളുടെ സഹകരണം തേടും

ട്രാഫിക് ലൈന്‍ തെറ്റിക്കുന്ന സമീപനം സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുന്നതാണ്. ലോക രാജ്യങ്ങളില്‍ ഒരിടത്തും വണ്ടി കൈ കാണിച്ചുനിര്‍ത്തി ആര്‍.സി ബുക്ക് പരിശോധിക്കുന്ന രീതിയില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന് ആവശ്യത്തിന് വണ്ടികളില്ല എന്ന പരിമിതിയുണ്ട്. വാഹനങ്ങളുടെ നിയമലംഘനം പിടികൂടാന്‍ ഡ്രോണിന്റെ സഹായം തേടുന്നത് പരിഗണനയിലാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കളുടെ സഹകരണത്തോടെ റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com