യാത്രാ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി; വാഹനങ്ങളില്‍ രൂപമാറ്റങ്ങള്‍ ഇങ്ങനെ

സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന അധിക ഫിറ്റിംഗുകള്‍ പാടില്ല
vehicles
Image Courtesy: Canva
Published on

യാത്രാ വാഹനങ്ങള്‍ രൂപ മാറ്റങ്ങള്‍ വരുത്തി നിരത്തിലിറക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതില്‍ അതൃപ്തിയുമായി ഹൈക്കോടതി. വാഹനങ്ങളുടെ പുറംചട്ട, യാത്രക്കാര്‍ സഞ്ചരിക്കുന്ന ഭാഗം, ഡ്രൈവര്‍മാര്‍ ഇരിക്കുന്ന സ്ഥലം തുടങ്ങിയവയില്‍ പലരും രൂപ മാറ്റം വരുത്തുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തുന്നത്.

ഫിറ്റ്നസ് റദ്ദു ചെയ്യണം

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കം റദ്ദു ചെയ്യണമെന്ന നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്.

പുതുതായി വാങ്ങുമ്പോള്‍ ലഭിക്കുന്ന വാഹനത്തിന്റെ യഥാര്‍ത്ഥ മോഡലിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ കൂടുതല്‍ ലൈറ്റുകള്‍ അനധികൃതമായി ഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. വാഹനങ്ങളുടെ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കടുത്ത പിഴ ചുമത്തണം

അനധികൃത ലൈറ്റ് സിഗ്നലിംഗ് ഉപകരണങ്ങളോ അധിക വയറിംഗുകളോ ബദൽ പവർ സ്രോതസ്സുകളോ ഉള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഉത്തരവാദിയായ ഉടമയെ മോട്ടോർ വാഹന നിയമപ്രകാരം ഓരോ മാറ്റത്തിനും 5,000 രൂപ വീതം പിഴയീടാക്കണം.

പുറത്തേക്ക് നീണ്ടുനിൽക്കുന്ന വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വീൽ ആർച്ചുകളോ മഡ്ഗാർഡുകളോ ഉളള നാല് ചക്ര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങാന്‍ അനുവദിക്കരുത്. വാഹനങ്ങളിലെ കാര്യമായ സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുന്ന യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന മറ്റു അധിക ഫിറ്റിംഗുകളും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

ഫ്ലാഷ് ലൈറ്റ് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം

കോഴിക്കോട് മടപ്പളളിയില്‍ സ്വകാര്യ ബസില്‍ 47 ലൈറ്റുകളാണ് നിയമലംഘനം നടത്തി ഘടിപ്പിച്ചിരുന്നത്. ലൈറ്റുകള്‍ അനധികൃതമായി ഘടിപ്പിച്ചാല്‍ ഓരോന്നിനും 5,000 രൂപ വീതമാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കുന്നത്. പുതിയ ട്രെന്‍ഡിനും സ്റ്റൈലിനും അനുസരിച്ച് വാഹനങ്ങള്‍ മാറ്റാനുളള ആഗ്രഹമാണ് രൂപമാറ്റം വരുത്തുക തുടങ്ങിയ നടപടികളിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം കേസുകള്‍ വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്.

പരിവാഹന്റെ ഇ ചെലാന്‍ പോര്‍ട്ടല്‍ (https://echallan.parivahan.gov.in) ട്രാഫിക് ലംഘനത്തിന് ഈടാക്കിയ പിഴ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

ഫ്ലാഷ് ലൈറ്റ് എമർജൻസി വാഹനങ്ങളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. അതും അടിയന്തര സർവീസ് നടത്തുമ്പോൾ മാത്രമാണ് ഫ്ലാഷ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com