കണ്ടം ചെയ്യാൻ 30 ലക്ഷം വണ്ടികൾ, ഇരുമ്പു വില കിട്ടണമെങ്കിൽ നാട് കടത്തണം; വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ കട്ടപ്പുറത്ത്

ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിക്കാത്ത 15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളും പൊളിക്കണമെന്നാണ് ചട്ടം

കാലാവധി കഴിഞ്ഞ 30 ലക്ഷം സ്വകാര്യ വാഹനങ്ങള്‍ കേരളത്തിലുണ്ടായിട്ടും അംഗീകൃത വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ (രജിസ്‌ട്രേഡ് സ്ക്രാപ്പിങ് വെഹിക്കിള്‍ ഫെസിലിറ്റി -RSVF) തുടങ്ങുന്നതില്‍ സംസ്ഥാനത്തു മെല്ലെപ്പോക്ക്. ഫിറ്റ്‌നസ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്ത, 15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളും പൊളിക്കണമെന്നാണ് ചട്ടം. ഇതിനായി മൂന്ന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കേരളത്തിന്റെ പദ്ധതി. ഒരെണ്ണം കെ.എസ്.ആര്‍.ടി.സിയും റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ബ്രെത്ത് വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നും രണ്ടെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തിലും തുടങ്ങാനാണ് ധാരണ. എന്നാല്‍ ഇതിന് വേണ്ട ടെന്‍ഡര്‍ നടപടികളെല്ലാം ഇനിയും ഫയലില്‍ ഉറങ്ങുന്നു.

മൂന്ന് സോണുകള്‍

കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മധ്യമേഖലയില്‍ ഉള്‍പ്പെട്ട എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് വേണ്ടി മലപ്പുറം എടപ്പാളിലാണ് ഒന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ തെക്കന്‍ മേഖലയിലാണ്. വടക്കന്‍ മേഖലയില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളും ഉള്‍പ്പെടുന്നു. വടക്കന്‍, തെക്കന്‍ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പൊളിക്കല്‍ കേന്ദ്രം തുടങ്ങാനാണ് ആലോചിക്കുന്നതെന്നും കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാന വിഹിതം നല്‍കുന്നതും കൃത്യമായ പരിചയ സമ്പത്തുള്ളതുമായ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കുകയെന്നും ഇതില്‍ പറയുന്നു. എന്നാല്‍ ഇതുവരെയും ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. ടെന്‍ഡര്‍ വിളിക്കുന്നതിന് സര്‍ക്കാരില്‍ നിന്നുള്ള അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാല്‍ അധികം താമസിയാതെ ടെന്‍ഡര്‍ വിളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.

പൊളിക്കാനുള്ളത് 30 ലക്ഷം വണ്ടികള്‍

രാജ്യത്താകമാനം കാലാവധി കഴിഞ്ഞ (എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിൾ - ELV) 6.16 കോടി സ്വകാര്യ വാഹനങ്ങള്‍ പൊളിക്കാനുണ്ടെന്നാണ് റോഡ് ഗതാഗത മന്ത്രാലയം പാര്‍ലമെന്റില്‍ വച്ച രേഖകള്‍ പറയുന്നത്. ഇതില്‍ 30 ലക്ഷം വണ്ടികളും കേരളത്തിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍ക്കാര്‍ വാഹനങ്ങളും സ്‌ക്രാപ്പിംഗ് കാത്തുകഴിയുന്നുണ്ട്. 2021ലെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് കാലാവധി കഴിഞ്ഞ 21 ലക്ഷം വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. മൂന്ന് വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണം 9 ലക്ഷം വര്‍ധിച്ചു.
അതേസമയം, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ 180 ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചുനീക്കണം. ഇല്ലെങ്കില്‍ ഉടമകളും വാഹന നിര്‍മാതാക്കളും പാരിസ്ഥിതിക നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഏപ്രില്‍ ഒന്ന് മുതലാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്.

പൊളിക്കാന്‍ കൊടുത്താല്‍ എന്താണ് ഗുണം

കാലപ്പഴക്കം ചെന്നതും ഗുരുതര കേടുപാടുകള്‍ സംഭവിച്ചതുമായ വാഹനങ്ങള്‍ കുറക്കാനും പരിസ്ഥിതി സൗഹൃദമായ പുതിയ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021ല്‍ വാഹനം പൊളിക്കല്‍ നയം നടപ്പിലാക്കുന്നത്. പഴയ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം കുറക്കുകയും സര്‍ക്കാര്‍ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്ത് വാഹനം പൊളിക്കാവൂ എന്നാണ് ചട്ടം. വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആര്‍.സി റദ്ദാക്കിയ ശേഷമാണ് വാഹനം അംഗീകൃത പൊളിക്കല്‍ കേന്ദ്രത്തിലെത്തിക്കേണ്ടത്. പൊളിച്ച ശേഷം വാഹനത്തിന്റെ ആര്‍.സി റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തുകയും വേണം. പൊളിക്കുന്ന വാഹനത്തിന്റെ ലോഹ ഭാഗങ്ങള്‍ക്കുള്ള വില ഉടമക്ക് ലഭിക്കും. ഇതിന് പുറമെ പുതിയ വാഹനം എടുക്കുമ്പോള്‍ 10-15 ശതമാനം വരെ നികുതിയിളവിനും അര്‍ഹതയുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കര്‍ണാടക പോലുള്ള ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

സര്‍ക്കാരിനും നേട്ടം

അതേസമയം, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്നത് പ്രോത്സാഹിപ്പിച്ചാല്‍ സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരിസ്ഥിതി മലിനീകരണം കുറയുന്നതിനൊപ്പം ഇ.വി അടക്കമുള്ള പുതിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡും കൂടും. ഇത് ജി.എസ്.ടി, റോഡ് ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനം നല്‍കും. കൂടാതെ വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നുമാണ് വാഹന ലോകത്തിന്റെ പ്രതീക്ഷ.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it