സ്വന്തം ക്രിപ്‌റ്റോകറന്‍സിക്ക് അകാല ചരമം വിധിച്ച് വെനസ്വേല; പൂട്ടുവീണത് 'അഴിമതിയുടെ' കാശിന്

വലിയ ആഘോഷങ്ങളോടെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ സ്വന്തം ക്രിപ്‌റ്റോകറന്‍സിക്ക് 'അകാല ചരമം' വിധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല. പ്രസിഡന്റ് നിക്കോളാസ് മഡൂറോ 2018 ഫെബ്രുവരിയില്‍ അവതരിപ്പിച്ച പെട്രോ (PTR) എന്ന ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗമാണ് വെനസ്വേല അവസാനിപ്പിച്ചതും വെബ്‌സൈറ്റ് നിറുത്തലാക്കിയതും.

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടാണ് സമാന്തര കറന്‍സി എന്നോണം പെട്രോ ക്രിപ്‌റ്റോകറന്‍സിക്ക് 2018ല്‍ വെനസ്വേല തുടക്കമിട്ടത്. ക്രൂഡോയില്‍ റിസര്‍വ് കരുതലായി (Back up) തീരുമാനിച്ചായിരുന്നു ഇത്. ലോകത്തെ ഏറ്റവും ക്രൂഡ് ഓയിൽ സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് വെനസ്വേലയെങ്കിലും അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയായിരുന്നു. ജനങ്ങള്‍ നിയന്ത്രണാതീതമായ വിലക്കയറ്റത്താല്‍ (hyperinflation) പൊറുതിമുട്ടുന്ന രാജ്യം കൂടിയാണ് വെനസ്വേല.
നിക്ഷേപം ബൊളീവറിലേക്ക്
ഒന്നിന് 60 ഡോളര്‍ (ഏകദേശം 5,000 രൂപ) വില നിശ്ചയിച്ചായിരുന്നു 2018ല്‍ പെട്രോ ക്രിപ്‌റ്റോ അവതരിപ്പിച്ചത്. ജനങ്ങളോട് വ്യാപകമായി ഇതുപയോഗിക്കാനും ബാങ്കുകളോട് കണക്കുകള്‍ രാജ്യത്തിന്റെ കറന്‍സിയായ ബൊളീവറിന് പുറമേ പെട്രോയിലും വെളിപ്പെടുത്തണമെന്നും നിക്കോളാസ് മഡ്യൂറോ ആവശ്യപ്പെട്ടിരുന്നു.
വെബ്‌സൈറ്റ് പൂട്ടി, ഉപയോഗം നിറുത്തലാക്കിയ പശ്ചാത്തലത്തില്‍ പെട്രോ കറന്‍സി ബൊളീവറിലേക്ക് മാറ്റിയെടുക്കാമെന്ന് മഡ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിയുടെ കറന്‍സി
ഉപരോധം മാത്രമല്ല, കെടുകാര്യസ്ഥത നിറഞ്ഞ ഭരണം, അപ്രായോഗികവും അഴിമതിയും കൊടികുത്തിയ സാമ്പത്തിക നയങ്ങള്‍ എന്നിവയുമാണ് വെനസ്വേലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയത്.
കറന്‍സിയായ ബൊളീവറിന്റെ മൂല്യം വലിയ തകര്‍ച്ചയും നേരിട്ടു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പെട്രോ ക്രിപ്‌റ്റോ അവതരിപ്പിച്ചത്. വിമാനക്കമ്പനികളോട് ഇന്ധനം വാങ്ങാനുള്ള പണം പെട്രോയില്‍ നല്‍കണമെന്നും പാസ്‌പോര്‍ട്ട് നേടുന്നത് അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണവും പെട്രോയിലാണ് അടയ്‌ക്കേണ്ടതെന്നും മഡ്യൂറോ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, പെട്രോ എങ്ങനെ ഉപയോഗിക്കണമെന്ന് ജനങ്ങളില്‍ പലര്‍ക്കും മനസിലാക്കാനായില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചില വ്യവസായികളും ഇത് കള്ളപ്പണം കൂട്ടാനും അഴിമതിക്കുമായി ഉപയോഗപ്പെടുത്തി.
എണ്ണ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം വന്‍തോതില്‍ ക്രിപ്‌റ്റോയിലേക്ക് മാറ്റിയത് അഴിമതിക്ക് കളമൊരുക്കി. ഇത് വലിയ വിവാദമായതോടെ വെനസ്വേലയിലെ ഏറ്റവും ശക്തനായ പെട്രോളിയം മന്ത്രി ടറേക്ക് എല്‍ ഐസാമിക്ക് രാജിവയ്‌ക്കേണ്ടിയും വന്നു.
ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനസ്വേല. അമേരിക്കയില്‍ 8.3 ശതമാനവും ബ്രിട്ടനില്‍ 5 ശതമാനവും പേര്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുമ്പോള്‍ വെനസ്വേലക്കാരില്‍ 10.3 ശതമാനം പേരും ക്രിപ്‌റ്റോ ഉപയോഗിക്കുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it