ട്രംപിനെ തൊട്ടപ്പോള്‍ ട്വിറ്ററിന് പൊള്ളി; ഓഹരി വില ഇടിഞ്ഞത് 6.4 ശതമാനം!

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന് തിരിച്ചടി
ട്രംപിനെ തൊട്ടപ്പോള്‍ ട്വിറ്ററിന് പൊള്ളി; ഓഹരി വില ഇടിഞ്ഞത് 6.4 ശതമാനം!
Published on

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ കാപ്പിറ്റോള്‍ കലാപത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെയും മറ്റ് ടെക് കമ്പനികളുടെയും ഓഹരികള്‍ അമേരിക്കന്‍ വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

89 മില്യണ്‍ ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ടായ @realDonaldTrump വെള്ളിയാഴ്ച ട്വിറ്റര്‍ സ്ഥിരമായി അടച്ചുപൂട്ടിയതോടെ കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച്ച 6.4 ശതമാനമാണ് ഇടിഞ്ഞത്.

'കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്' പ്രസിഡന്റ് ഇത് ഉപയോഗിക്കുമെന്ന ആശങ്ക കൊണ്ടാണ് സോഷ്യല്‍ നെറ്റ്വര്‍ക്കായ ട്വിറ്റര്‍ ട്രമ്പിന്റെ അക്കൗണ്ട് നിര്‍ത്തിയത്. 'സമീപഭാവിയില്‍ ഞങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയാണെന്നും ഞങ്ങള്‍ നിശബ്ദരാകില്ലെന്നും' ട്രംപ് തിരിച്ചടിച്ചു.

കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ആക്രമണത്തിനുശേഷം കോണ്‍ഗ്രസ് തങ്ങളെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുമോ എന്ന ആശങ്ക ടെക് കമ്പനികള്‍ക്ക്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ട്.

ക്യാപിറ്റല്‍ കലാപം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വിധേയമാവുകയും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള നിയമ പരിരക്ഷകളെക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു.

1996ലെ കമ്മ്യൂണിക്കേഷന്‍ ഡിസെന്‍സി ആക്റ്റിന്റെ 230ാം വകുപ്പ് ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് അനുകൂലമാണ്. സെക്ഷന്‍ 230 റദ്ദാക്കാന്‍ ട്രംപ് ദീര്‍ഘകാലമായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ടെക്‌നോളജി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ട്രംപ് അനുകൂലികള്‍ പറയുന്നു.

ട്രംപിന്റെഅക്കൗണ്ട് ജനുവരി 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഫേസ്ബുക്കിന്റെ ഓഹരികള്‍ക്കും ഇടിവ് സംഭവിച്ചു. തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരികള്‍ നാല് ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ആസ്ഥാന മന്ദിരത്തിന് പുറത്ത് ഒരു പ്രതിഷേധമുണ്ടായെങ്കിലും അതിലെ പങ്കാളിത്തം ശുഷ്‌കമായിരുന്നു. കൊറോണ കാരണം എക്‌സിക്യൂട്ടീവുകളും ജോലിക്കാരും ഒരു വര്‍ഷത്തോളമായി വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാല്‍ ട്വിറ്ററിന്റെ കെട്ടിടം തന്നെ മിക്കവാറും ശൂന്യമാണ്.

അതിനിടെ തീവ്ര വലതുപക്ഷ സഹൃദ പ്ലാറ്റ്‌ഫോം എന്നറിയപ്പെടുന്ന പാര്‍ലറിനെ ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിന്ന് നീക്കംചെയ്തു. കഴിഞ്ഞയാഴ്ച ക്യാപിറ്റല്‍ ഉപരോധത്തില്‍ പാര്‍ലറിനുള്ള പങ്ക് ഉദ്ധരിച്ചാണ് ഈ നടപടി. തിങ്കളാഴ്ച ആമസോണ്‍ പാര്‍ലറിനുള്ള തങ്ങളുടെ വെബ് ഹോസ്റ്റിംഗ് സേവനം നിര്‍ത്തലാക്കിയിരുന്നു.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ആപ്പിള്‍, ആമസോണ്‍ എന്നിവയുടെ ഓഹരികളും തിങ്കളാഴ്ച രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

ട്രംപിന്റെ കാലാവധി ഒന്‍പത് ദിവസത്തിനുള്ളില്‍ അവസാനിക്കുമ്പോള്‍ സെനറ്റിന്റെ നിയന്ത്രണം സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനത്തില്‍ ആശങ്കയുണ്ടായിരുന്ന ഡെമോക്രറ്റുകളുടെ കൈകളില്‍ എത്തുകയാണ് എന്നതും ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com