
കിംഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയിൽ പ്രമുഖ വ്യവസായി വിജയ് മല്യ അസാധാരണമായ ക്ഷമാപണവുമായി രംഗത്ത്. തനിക്കെതിരെ നിലവിലുളള വഞ്ചനാ ആരോപണങ്ങള്‍ മല്യ നിരസിച്ചു. പല ഇന്ത്യൻ ബാങ്കുകളില്‍ നിന്നായി എടുത്ത 9,000 കോടി രൂപയിലധികം വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലാണ് മല്യക്ക് രാജ്യത്ത് കേസുളളത്. 2016 മുതൽ ഇന്ത്യയില്‍ എത്താന്‍ വിസമ്മതിച്ച് ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് മല്യ.
തന്റെ പേരിലുളള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ആരോപണങ്ങളെ രാജ് ഷമാനിക്കൊപ്പമുളള പോഡ്‌കാസ്റ്റ് വീഡിയോയിലാണ് മല്യ എതിര്‍ത്തത്. രാജ്യത്തിന് പുറത്ത് താമസിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് തന്നെ ഒരു പിടികിട്ടാപ്പുള്ളി എന്ന് വിളിക്കാം, പക്ഷേ താൻ ഓടിപ്പോയില്ല. മുൻകൂട്ടി നിശ്ചയിച്ച ഒരു സന്ദർശനത്തിനാണ് താൻ ഇംഗ്ലണ്ടില്‍ വന്നത്. എന്നാല്‍ തന്നെ കളളന്‍ എന്നു വിളിക്കരുതെന്നും എന്താണ് താന്‍ മോഷ്ടിച്ചതെന്നും മല്യ ചോദിച്ചു.
പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്നും മല്യ പറഞ്ഞു. ഇന്ത്യയിൽ ന്യായമായ വിചാരണയും മാന്യമായ നിലനിൽപ്പും ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ, താന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഗൗരവമായി ചിന്തിക്കും. കിംഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മല്യ പറഞ്ഞു. 2018-ൽ യുകെ കോടതി മല്യയെ നാടുകടത്താൻ വിധിച്ചിരുന്നു. എന്നാല്‍ കേസുകളിലെ വിചാരണയെ കുറിച്ചുള്ള ആശങ്കകളും മാധ്യമങ്ങളുടെ അന്യായമായ പെരുമാറ്റവും ചൂണ്ടിക്കാട്ടി മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് എതിർക്കുകയാണ്.
28-ാം വയസിലാണ് കിംഗ്ഫിഷർ മദ്യ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഗ്രൂപ്പ് ചെയർമാനായി മല്യ ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് മല്യ തന്റെ ബിസിനസ് വ്യോമയാനം, ശീതള പാനീയങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു, പ്രമുഖ ഐ.പി.എല്‍ ടീമായ ആര്‍.സി.ബി യുടെ ഉടമയും ആയിരുന്നു. 2013 ല്‍ ഫോർബ്‌സിന്റെ കണക്കനുസരിച്ച് 75 കോടി ഡോളറായിരുന്നു മല്യയുടെ ആസ്തി.
എന്നാല്‍ 2022 ജൂലൈയില്‍ മല്യയുടെ ആസ്തി ഏകദേശം 120 കോടി ഡോളറില്‍ എത്തിയതായി ഇൻഡിപെൻഡന്റ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ന്യൂയോർക്കിലെ ട്രംപ് പ്ലാസയിൽ പെന്റ്ഹൗസ്, ട്രംപ് പ്ലാസയിൽ മൂന്ന് അത്യാധുനിക ആഢംബര ഫ്ലാറ്റുകള്‍, ഫ്രാന്‍സിലെ കാൻസിനടുത്തുള്ള സെയ്ന്റ്-മാർഗറൈറ്റ് ദ്വീപിൽ എസ്റ്റേറ്റ് തുടങ്ങിയവ മല്യയ്ക്ക് നിലവിലുളള സ്വത്തുക്കളില്‍ ചിലതാണ്.
2012 ലാണ് കിംഗ്ഫിഷർ എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നത്. തുടര്‍ന്ന് ബാങ്കുകളുമായും ലോണ്‍ ദാതാക്കളുമായും ഇന്ത്യൻ അധികൃതരുമായും നീണ്ട നിയമയുദ്ധത്തിൽ കുടുങ്ങിയ വിജയ് മല്യ 2016 ൽ യു.കെ യിലേക്ക് കടന്നു കളയുകയായിരുന്നു.
Vijay Mallya denies fraud charges, hints at returning to India as his wealth rises to $1.2 billion.
Read DhanamOnline in English
Subscribe to Dhanam Magazine