

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കുമായി തിരിച്ചടയ്ക്കാനുള്ളത് ഏകദേശം 58,000 കോടി രൂപ. മദ്യ രാജാവായിരുന്ന വിജയ് മല്യ, സ്വര്‍ണ വ്യാപാരിയായ നീരവ് മോദി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ ഉള്‍പ്പെടുന്നവരുടെ കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.
2025 ഒക്ടോബർ 31 വരെയുള്ള കാലയളവില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വലിയ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയവരുടെ കണക്കുകളാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്.
'ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട്' (Fugitive Economic Offenders Act) പ്രകാരം ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മൊത്തം 58,082 കോടി രൂപയുടെ ബാധ്യതയില്‍, കിട്ടാക്കടമായ തീയതിയിലെ മുതലായി 26,645 കോടി രൂപയും, അതിനുശേഷമുള്ള പലിശ ഇനത്തില്‍ 31,437 കോടി രൂപയുമാണ് ഉള്‍പ്പെടുന്നത്.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ നിന്ന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ തുടരുകയാണെന്നും ഇതിലൂടെ ബാങ്കുകള്‍ക്ക് വലിയൊരു തുക തിരികെ ലഭിക്കുമെന്നും ധനകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇടപെട്ട് വായ്പാ തട്ടിപ്പുകാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണ്.
ഇതുവരെ 19,718 കോടി രൂപയാണ് ഈ സാമ്പത്തിക കുറ്റവാളികളുടെ ആസ്തികള്‍ കണ്ടുകെട്ടിയും വിറ്റഴിച്ചും ബാങ്കുകള്‍ തിരിച്ചു പിടിച്ചത്.
ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് (FEOA) 2018 പ്രകാരം കുറ്റവാളിയായി പ്രഖ്യാപിച്ച 15 പേരില്‍ 9 പേര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരായ വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവരാണ്.
ഇതില്‍ വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 22,065 കോടി രൂപയാണ്. വിജയ് മല്യയുടെ ആസ്തികള്‍ വിറ്റഴിച്ച് 14,000 കോടി തിരിച്ചു പിടിച്ചു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9,000 കോടിയിലധികം രൂപയുടെ വായ്പയെടുക്കാതെ മുങ്ങിയ കേസിലെ പ്രതിയാണ് വിജയ് മല്യ.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അമ്മാവന്‍ മെഹുല്‍ ചോക്‌സിയോടൊപ്പം ചേര്‍ന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നിരവ് മോദി പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവ് മോദിയുടെ കുടിശിക 9,656 കോടിരൂപയാണ്. 545 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചു പിടിക്കാനായതെന്നും പാര്‍ലമെന്റിന് നല്‍കിയ മറുപടിയില്‍ പറയുന്നു.
സ്റ്റെര്‍ലിങ് ബയോടെക് ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നിതിന്‍, ചേതന്‍ സന്ദേസര സഹോദരങ്ങള്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥ പ്രകാരം 5,100 കോടി രൂപ നിക്ഷേപിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിജയ് മല്യ
നീരവ് മോദി
നിതിന്‍ ജെ സന്ദേസര
ചേതന്‍ ജെ സന്ദേസര
ദിപ്തി സി സന്ദേസര (സ്റ്റെര്‍ലിങ് ബയോടെക് തട്ടിപ്പ് കേസ്)
സുദര്‍ശന്‍ വെങ്കിട്ടരാമന്‍
രാമാനുജം ശേഷരത്‌നം (സൈലോഗ് സിസ്റ്റംസ് ലിമിറ്റഡിന്റെ മുന്‍ പ്രൊമോട്ടര്‍മാര്‍)
പുഷ്‌പേഷ് കുമാര്‍ ബൈദ്
ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍
Read DhanamOnline in English
Subscribe to Dhanam Magazine