ഓഹരിയല്ല, എഫ്.ഡിയാണ് ഭേദം! നിഫ്റ്റി വരുമാനം കാര്യമാക്കാത്ത നിക്ഷേപ തന്ത്രവുമായി വിജയ്, വാറന്‍ ബഫറ്റാണോ എന്ന് നെറ്റിസണ്‍സ്

ഏകദേശം 313 കോടി രൂപയാണ് വിജയ് വിവിധ ബാങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത്
ഓഹരിയല്ല, എഫ്.ഡിയാണ് ഭേദം! നിഫ്റ്റി വരുമാനം കാര്യമാക്കാത്ത നിക്ഷേപ തന്ത്രവുമായി വിജയ്, വാറന്‍ ബഫറ്റാണോ എന്ന് നെറ്റിസണ്‍സ്
Published on

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകനായ വാറന്‍ ബഫറ്റിനെപ്പോലെ വന്‍ തുക ലിക്വിഡ് ക്യാഷ് ആയി കൈവശം വെക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയിന്റെ സാമ്പത്തിക തന്ത്രമാണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ ചര്‍ച്ചാവിഷയം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ 'വിഷനറി വിജയ്' എന്ന വിശേഷണവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിക്കഴിഞ്ഞു.

സൗരഭ് ഗുഞ്ചാല്‍ എന്നയാളുടെ ട്രീറ്റും ഇതിനൊപ്പം വയറലാകുന്നുണ്ട്. ബാങ്ക് എഫ്ഡിയിലൂടെ നിഫ്റ്റി റിട്ടേണുകളെപ്പോലും അദ്ദേഹം വെല്ലുന്നുവെന്നും 300 ബില്യണ്‍ ഡോളര്‍ പണമായി കൈവശം വെക്കുന്ന വാറന്‍ ബഫറ്റിനെപ്പോലെ, 300 കോടി രൂപയുടെ കരുതലുമായി അദ്ദേഹം ഇരിക്കുന്നുവെന്നുമാണ് വിജയിന്റെ നിക്ഷേപങ്ങള്‍ പങ്കുവച്ചുകൊണ്ട് സൗരഭ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിക്ഷേപ തന്ത്രം ഇങ്ങനെ

ഏകദേശം 313 കോടി രൂപയാണ് വിജയ് വിവിധ ബാങ്ക് അക്കൗണ്ടുകളിലും സ്ഥിരനിക്ഷേപങ്ങളിലുമായി (FD) സൂക്ഷിച്ചിരിക്കുന്നത്. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങള്‍ ബാധിക്കാത്ത ഈ നിക്ഷേപ ശൈലിയിലൂടെ കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം പലിശയിനത്തില്‍ മാത്രം അദ്ദേഹത്തിന് ലഭിക്കുന്നത്. വിപണിയിലെ റിസ്‌ക് പൂര്‍ണ്ണമായും ഒഴിവാക്കി സ്ഥിരമായ ലാഭം ഉറപ്പാക്കുന്ന ഈ രീതി നിഫ്റ്റി റിട്ടേണുകളെപ്പോലും വെല്ലുന്നതാണെന്നാണ് നെറ്റിസണ്‍സ് വിലയിരുത്തുന്നത്. വെറും 19.37 ലക്ഷം രൂപ മാത്രമാണ് അദ്ദേഹം സ്റ്റോക്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതായത് തന്റെ ആകെ ആസ്തിയുടെ ഒരു ശതമാനം പോലും റിസ്‌ക് എടുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ലോകസമ്പന്നന്‍ വാറന്‍ ബഫറ്റ് തന്റെ കമ്പനിയായ ബര്‍ക് ഷയര്‍ ഹാതവേയില്‍ ഏകദേശം 370 ബില്യണ്‍ ഡോളറോളം പണമായി സൂക്ഷിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. മികച്ച നിക്ഷേപ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നതിനും വിപണിയിലെ അപ്രതീക്ഷിത തകര്‍ച്ചകളെ നേരിടുന്നതിനുമാണ് ബഫറ്റ് പണം 'ക്യാഷ്' ആയി കയ്യില്‍ കരുതുന്നത്. ഇതിനെ 'ഓക്‌സിജന്‍' എന്നാണ് ബഫറ്റ് വിശേഷിപ്പിക്കുന്നത്.

സമാനമായ രീതിയില്‍ 300 കോടിയിലധികം രൂപ ലിക്വിഡ് ആയി കരുതിക്കൊണ്ട് വിജയ് നടത്തുന്ന ഈ 'ക്യാഷ് റിച്ച്' തന്ത്രമാണ് അദ്ദേഹത്തെ ബഫറ്റുമായി ഉപമിക്കാന്‍ നെറ്റിസണ്‍സിനെ പ്രേരിപ്പിച്ചത്.

ആക്‌സിസ് ബാങ്ക്, ഐഒബി, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളിലാണ് താരം തന്റെ ഈ വന്‍ നിക്ഷേപം കാത്തുസൂക്ഷിക്കുന്നത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായി ഇറങ്ങുന്ന താരം, വരാനിരിക്കുന്ന ഏതൊരു സാഹചര്യത്തെയും നേരിടാന്‍ തന്റെ സാമ്പത്തിക അടിത്തറ ഇത്രമേല്‍ ദീര്‍ഘവീക്ഷണത്തോടെ ക്രമീകരിച്ചത് നിക്ഷേപകര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

വാറന്‍ ബഫറ്റിന് എന്തിന്‌ ഇത്രയധികം പണം?

ബെർക്ഷെയർ ഹാതവേയെപ്പോലെ കൂറ്റൻ ഒരു കമ്പനിയുടെ വളർച്ചയിൽ മാറ്റമുണ്ടാക്കണമെങ്കിൽ അത്രതന്നെ വലിയ നിക്ഷേപ അവസരങ്ങൾ ആവശ്യമാണ്. എന്നാൽ തന്റെ പണശേഖരത്തിന് അനുയോജ്യമായ അത്തരം വലിയ നിക്ഷേപങ്ങൾ കണ്ടെത്താൻ സാധിക്കാത്തതാണ് ഇത്രയധികം തുക ലിക്വിഡ് ക്യാഷായി തുടരാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. വിപണിയിലെ സാഹചര്യങ്ങളാണ് ഇതിന് കാരണം. മികച്ചൊരു നിക്ഷേപ അവസരം നാളെ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ആ പണം വിനിയോഗിക്കാൻ തയ്യാറാണ് എന്നും ബഫറ്റ് പറഞ്ഞിരുന്നു.

വിപണിയിലെ തകർച്ച പേടിച്ച് പണം മുഴുവൻ ലിക്വിഡായി സൂക്ഷിക്കുന്ന രീതിയോട് ബഫറ്റിന് യോജിപ്പില്ല. പണത്തേക്കാൾ എപ്പോഴും നല്ലത് മികച്ച ബിസിനസ്സുകളിൽ ഓഹരി പങ്കാളിത്തം നേടുന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പണപ്പെരുപ്പത്തെ (Inflation) അതിജീവിക്കാൻ പണത്തിനോ ബോണ്ടുകൾക്കോ സാധിക്കില്ലെന്നും എന്നാൽ നല്ല ബിസിനസ്സുകൾക്ക് അത് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ജോലി നഷ്ടപ്പെടുകയോ ചികിത്സാ ആവശ്യങ്ങൾ വരികയോ ചെയ്യുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് മൂന്ന് മുതൽ ആറ് മാസത്തെ ചിലവുകൾക്കുള്ള പണം എമർജൻസി ഫണ്ടായി ലിക്വിഡ് ക്യാഷായി സൂക്ഷിക്കണമെന്നും അദ്ദേഹം നിക്ഷേപകരെ ഓർമ്മിപ്പിക്കുന്നു.

TVK chief Vijay’s cash-heavy FD investment strategy, compared to Warren Buffett’s approach, is gaining attention for reportedly outperforming Nifty returns with minimal stock market exposure.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com