
And now, the end is near
And so I face the final curtain
My friend, I'll say it clear
I'll state my case, of which I'm certain
I've lived a life that's full
I traveled each and every highway
And more, much more than this
I did it my way...
ലണ്ടനിലെ സമ്മര്‍ പാര്‍ട്ടിയില്‍ ഫ്രാങ്ക് സിനട്രയുടെ ആ വരികള്‍ അവര്‍ കൂട്ടത്തോടെ പാടി. താളത്തിനൊത്ത് ചുവടുവെച്ച് രണ്ട് പ്രമുഖരായ ഇന്ത്യക്കാരും. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് നാടുവിട്ട വിജയ്മല്യയും ലളിത് മോഡിയും. ലളിത് മോഡിയുടെ ലണ്ടനിലെ വീട്ടില്‍ നടന്ന സമ്മര്‍ പാര്‍ട്ടിയുടെ വീഡിയോ ഇപ്പോള്‍ ആഗോളതലത്തില്‍ വൈറലാണ്. സിനട്രയുടെ വരികള്‍ പോലെ 'സ്വന്തം വഴിയിലൂടെ നടന്നവര്‍...' പക്ഷെ ഒടുവില്‍ ജന്മനാട് വിടേണ്ടി വന്നവര്‍.
ലളിത് മോഡിയുടെ ലണ്ടനിലെ സുഹൃത്തുക്കളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. വിജയ് മല്യക്ക് പുറമെ പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലും അതിഥിയായി എത്തിയിരുന്നു. മൊത്തം 310 പേര്‍. അതില്‍ ബിസിനസുകാരും കുടുംബ സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്വന്തം വഴിയില്‍ ജീവിച്ചതിന്റെ ആശ്വാസം പങ്കിട്ട് അവര്‍ പാട്ടുപാടു നൃത്തം വെച്ചു. വിജയ് മല്യയും ലളിത് മോഡിയും നല്ല പാട്ടുകാര്‍ കൂടിയാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ. ലളിത് മോഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം ഇങ്ങനെ കുറിച്ചു;
''സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സുന്ദരമായൊരു രാത്രി. ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പൊളിക്കും. വിവാദമാകുമെന്ന് ഉറപ്പ്.'' വീഡിയോ ലിങ്ക് താഴെ:
https://www.instagram.com/reel/DLpTP-MxjO4/?utm_source=ig_web_copy_link
തെറ്റിദ്ധരിക്കപ്പെട്ട സംരംഭകന്‍- അങ്ങനെയാണ് വിജയ് മല്യ അടുത്തിടെ സ്വയം വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ കമ്പനിയുടെ ഉടമയായിരുന്ന മല്യ പിന്നീട് ഏവിയേഷന്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളിലൂടെ ഇന്ത്യന്‍ വ്യാപാരമേഖലയില്‍ രാജാവായി വാഴുമ്പോഴാണ് 2012 ല്‍ സാമ്പത്തിക വിവാദങ്ങളില്‍ പെടുന്നത്. 9,000 കോടി രൂപയുടെ കടബാധ്യത നിലനില്‍ക്കെയാണ് 2016 ല്‍ മല്യ യുകെയിലേക്ക് പറന്നത്. ആദായ നികുതി, സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികളെല്ലാം മല്യക്കെതിരെ കേസെടുത്തിരിക്കുകയാണ്. രാജ്യസംഭാംഗത്വം രാജിവെച്ച് നാടുവിട്ട മല്യക്കെതിരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസ് നിലനില്‍ക്കുന്നു. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം യു.കെ.കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ശില്‍പ്പിയായ ലളിത് മോഡി, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിരവധി കേസുകളെ നേരിടുകയാണ്. 2010 ല്‍ തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് യുകെയിലേക്ക് താമസം മാറ്റിയ മോഡിക്കെതിരെ ഇന്ത്യയില്‍ അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, വിദേശനാണ്യ വിനിമയ ചട്ടലംഘനം തുടങ്ങിയ കേസുകളില്‍ ഇപ്പോള്‍ നിയമപോരാട്ടം തുടരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine