
സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതില്‍ മുന്നിലുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി മറ്റൊരു നിക്ഷേപവുമായി രംഗത്ത്. പ്യൂമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങിയ ശേഷമാണ് സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അജിലിറ്റാസ് (Agilitas) എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപകനാകുന്നത്. അഭിഷേക് ഗാംഗുലിയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച കമ്പനിയാണിത്.
കരാര്‍ പുതുക്കാന്‍ 300 കോടി രൂപയാണ് പ്യൂമ വിരാടിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ റോളില്‍ നിന്ന് സംരംഭകത്വത്തിലേക്ക് മാറാന്‍ തീരുമാനിച്ചതോടെയാണ് ക്രിക്കറ്റര്‍ അജിലിറ്റാസിന്റെ നിക്ഷേപകനായത്. പ്യൂമ ഇന്ത്യയുടെ തലവനായിരുന്ന അഭിഷേക് ഗാംഗുലിയാണ് 2017ല്‍ വിരാടിന് ബ്രാന്‍ഡ് അംബാസിഡറായി കൊണ്ടുവരുന്നത്.
പ്യൂമ വിട്ടശേഷം അജിലിറ്റാസുമായി രംഗത്തു വന്ന ഗാംഗുലിയുമായി സഹകരിക്കാന്‍ വിരാടും താല്പര്യം മൂളുകയായിരുന്നു. വിരാടിന്റെ ബ്രാന്‍ഡ് വാല്യു മാത്രമാകില്ല അജിലിറ്റാസിലെ അദ്ദേഹത്തിന്റെ പങ്ക്. സാമ്പത്തിക പങ്കാളിത്തവുമുണ്ടാകും. ആദ്യഘട്ടത്തില്‍ 40 കോടി രൂപ വിരാട് കമ്പനിയില്‍ നിക്ഷേപിച്ചെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌പോര്‍ട്‌സ് ഉത്പന്ന രംഗത്ത് ചുരുങ്ങിയ വര്‍ഷം കൊണ്ട് വലിയ സാന്നിധ്യമാകാനാണ് അജിലിറ്റാസ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനി അടുത്തിടെ മോച്ചികോ ഷൂസിനെ (Mochiko Shoes) ഏറ്റെടുത്തിരുന്നു. അഡിഡാസ്, പ്യൂമ, ന്യൂബാലന്‍സ്, റീബോക്ക്, ക്രോക്‌സ്, ഡെക്കാത്തലോണ്‍, യുഎസ് പോളോ തുടങ്ങി വന്‍കിട ബ്രാന്‍ഡുകള്‍ക്കായി ഷൂസ് നിര്‍മിച്ചു നല്കുന്ന കമ്പനിയാണിത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഋഷികേശിലും കമ്പനിക്ക് നിര്‍മാണ യൂണിറ്റുണ്ട്.
മോച്ചികോയെ ഏറ്റെടുത്തതിനൊപ്പം ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ഉത്പന്ന നിര്‍മാതാക്കളായ ലോട്ടോ ബ്രാന്‍ഡിന്റെ ഇന്ത്യയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ലൈസന്‍സും അജിലിറ്റാസ് സ്വന്തമാക്കിയിട്ടുണ്ട്. ലോട്ടോ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഷൂസ് നിര്‍മിച്ച് വില്ക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും.
കോഹ്‌ലിയുടെ സ്വന്തം കമ്പനിയായ വണ്‍8 എന്ന ബ്രാന്‍ഡില്‍ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ പുറത്തിറക്കാനും അജിലിറ്റാസിന് പദ്ധതിയുണ്ട്. വിരാടിന്റെ നിക്ഷേപം 40 കോടിയില്‍ ഒതുങ്ങില്ലെന്നും അടുത്ത ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനിടെ ക്രിക്കറ്റര്‍ യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് അജിലിറ്റാസ് 600 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine