ക്രിക്കറ്റില്‍ മാത്രമല്ല ബിസിനസിലും കോഹ്‌ലി സൂപ്പര്‍ഹിറ്റാണ്; സ്റ്റാര്‍ട്ടപ്പ് മുതല്‍ ജീന്‍സ് വരെ ക്രിക്കറ്ററുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ

സ്‌പോര്‍ട്‌സ് താരങ്ങളുടെ കരിയറിന് ദൈര്‍ഘ്യം വളരെ കുറവാണ്. കളത്തിലുള്ള എട്ടോ പത്തോ വര്‍ഷം മാത്രമാണ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ കരിയറിന്റെ ഇടയ്ക്കു തന്നെ ബിസിനസിലേക്ക് കാലെടുത്തു വയ്ക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങളേറെയാണ്. പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍.
ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളുടെ വരുമാനം മറ്റേതൊരു മേഖലയേക്കാള്‍ കൂടുതലാണ്. ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിനു കാരണം. ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ സാധ്യതകളും വര്‍ധിച്ചു. ക്രിക്കറ്റര്‍മാരില്‍ ബിസിനസില്‍ വലിയ ശ്രദ്ധവയ്ക്കുന്ന താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി.

13 കമ്പനികളില്‍ നിക്ഷേപം

കോഹ്‌ലി ചെറുതും വലുതുമായ 13 സ്റ്റാര്‍ട്ടപ്പുകളിലും കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലൂ ട്രൈബ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ വിരാടിനും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ഓഹരിപങ്കാളിത്തമുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഇവര്‍ തന്നെയാണ്. പ്രീമിയം കോഫി പൗഡറുകള്‍ വില്‍ക്കുന്ന റാഗ് കോഫി എന്ന സ്റ്റാര്‍ട്ടപ്പില്‍ നിശ്ചിത ശതമാനം പങ്കാളിത്തം വിരാടിനുണ്ട്. ഇന്ത്യയ്ക്കു പുറത്തും വില്പനയുള്ള കമ്പനിയാണിത്.
വണ്‍8 എന്ന പേരില്‍ സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡ് വിരാടിനുണ്ട്. തുടക്കത്തില്‍ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരുന്ന കമ്പനി ഇതേ പേരില്‍ റെസ്റ്റോറന്റ് ശൃംഖലയും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റ് ഇന്‍ഷുറന്‍സ് എന്നപേരില്‍ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയിലും വിരാട് ദമ്പതികള്‍ക്ക് ഓഹരിപങ്കാളിത്തമുണ്ട്.
ഫാഷന്‍ ബ്രാന്‍ഡായ റോഗനില്‍ വിരാട് സഹഉടമയാണ്. കേരളത്തിലടക്കം റോഗന് ഔട്ട്‌ലെറ്റുകളുണ്ട്. എഫ്‌സി ഗോവ ഫുട്‌ബോള്‍ ക്ലബ്, സ്‌പോര്‍ട്‌സ് കോണ്‍വോ തുടങ്ങി വ്യത്യസ്ത ബിസിനസുകളിലാണ് വിരാട് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ളതും വിരാടിനാണ്.
Related Articles
Next Story
Videos
Share it