കുടിയേറ്റക്കാരെ ജാഗ്രത: ഏജന്റുമാരിലും വ്യാജന്‍മാര്‍; വീസ തട്ടിപ്പുകള്‍ കൂടുന്നു
വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനും പഠനത്തിനും കുടിയേറാനായി കാത്തിരിക്കുന്നവര്‍ ജാഗ്രത കൂട്ടേണ്ടി വരും. കുടിയേറാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വീസ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. വ്യാജവാഗ്ദാങ്ങള്‍ നല്‍കി ഏജന്റുമാര്‍ വീസക്ക് പണം പറ്റുന്ന സംഭവങ്ങള്‍ കുറയുന്നില്ലെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. ഗള്‍ഫ് നാടുകള്‍ക്കൊപ്പം യു.കെ,യു.എസ്, കാനഡ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വീസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഏജന്റുമാര്‍ വര്‍ധിക്കുകയാണ്. ഇല്ലാത്ത ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നതായുള്ള പരാതികളും പോലീസിന് ലഭിക്കുന്നുണ്ട്. സ്റ്റുഡന്റ് വീസക്കൊപ്പം വ്യാജ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി യു.കെയിലെ ചില വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തിയിരുന്നു. തട്ടിപ്പിനെതിരെ നോര്‍ക്ക അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
പയ്യാവൂരിലെ കുടുംബത്തിന്റെ അനുഭവം
കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലെ കുടുംബം ഇസ്രായേലിലേക്ക് തൊഴില്‍ വീസക്ക് പണം നല്‍കി വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ കെ.സി റോയിയുടെ ഭാര്യക്കും സുഹൃത്തിനും ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശി 1.7 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ഏപ്രിലില്‍ പണം നല്‍കിയെങ്കിലും ജോലിക്കുള്ള വീസ ലഭിച്ചില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതുമില്ലെന്ന് പരാതിയില്‍ പറഞ്ഞു. റോയിയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. പല വിദേശ നാടുകളിലേക്കും തൊഴില്‍ വീസക്കായി പണം നല്‍കി വഞ്ചിക്കപ്പെടുന്നവര്‍ നിരവധിയുണ്ട്.
കഴിഞ്ഞ വര്‍ഷം 795 കേസുകള്‍
വീസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായുള്ള 795 കേസുകളാണ് കഴിഞ്ഞ വര്‍ഷം കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒട്ടു മിക്ക ജില്ലകളിലും പോലീസിന് പരാതികള്‍ ലഭിക്കുന്നുണ്ട്. അമേരിക്കയിലേക്ക് ഇ.ബി 5 വീസകളുടെ കാര്യത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റുഡന്റ് വീസകളോടൊപ്പം നല്‍കേണ്ട വര്‍ക്ക് പെര്‍മിറ്റിന് കൃത്രിമ രേഖകളുണ്ടാക്കി നല്‍കുന്നതായും ആരോപണങ്ങളുണ്ട്. വിദേശത്ത് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാന്‍ പലപ്പോഴും കഴിയാതെ വരുന്നതായി യു.കെ.യിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പരാതികള്‍ മലയാളി അസോസിയേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്.
വീസ തട്ടിപ്പിനെതിരെ കേരള സര്‍ക്കാര്‍ 2022 ല്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിരുന്നെങ്കിലും തട്ടിപ്പ് കുറക്കാന്‍ ഇത് സഹായിച്ചിട്ടില്ലെന്നാണ് വര്‍ധിച്ചു വരുന്ന പരാതികള്‍ വ്യക്തമാക്കുന്നത്. നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പദ്ധതിയും തട്ടിപ്പിനെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്നു. നോര്‍ക്ക വഴിയോ ഒ.ഡി.പി.സി വഴിയോ നടക്കുന്ന വിദേശ റുക്രൂട്ട്‌മെന്റ് സുരക്ഷിതമാണ്. എന്നാല്‍ മഹാഭൂരിഭാഗം റിക്രൂട്ട്‌മെന്റുകളും സ്വകാര്യ ഏജന്റുമാര്‍ മുഖേനയാണ് നടക്കുന്നത്. ഇത്തരം റിക്രൂട്ട്‌മെന്റുകളുടെ വിശ്വാസ്യതയോ സാമ്പത്തിക ഇടപാടുകളോ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല.