സംസ്ഥാനത്താകെ വ്യവസായ ഇടനാഴികളും ഇനോവേഷന്‍ ഹബ്ബുകളും വരും, വ്യവസായ കേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ വിഷന്‍ 2031

കേരള യൂണിവേഴ്‌സിറ്റി ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, കൊച്ചി ഗ്ലോബല്‍ സിറ്റി, അരീന മലബാര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വ്യവസായ ഇടനാഴി തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി
Minister for Industries P. Rajeeve presenting and speaking on the policy document at the Vision 2031 seminar organised by the State Department of Industries.
സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നയരേഖ അവതരിപ്പിച്ച് സംസാരിക്കുന്നു.
Published on

രാജ്യത്തെ മുന്‍നിര വ്യവസായ നിക്ഷേപ ലക്ഷ്യകേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന ബൃഹദ് ലക്ഷ്യം പ്രഖ്യാപിച്ച് വ്യവസായ വകുപ്പിന്റെ 'വിഷന്‍ 2031' രേഖ. വ്യവസായ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ വ്യവസായ മന്ത്രി പി. രാജീവ് 2031 ലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വ്യവസായമേഖലയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള പരിഷ്‌കാരങ്ങള്‍, വ്യവസായ ഇടനാഴികള്‍, ഇനോവേഷന്‍ ഹബ്ബുകള്‍ തുടങ്ങിയവ നടപ്പില്‍ വരുത്തുമെന്ന് വ്യവസായവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ മന്ത്രി പറഞ്ഞു.

വ്യവസായ വിദ്യാഭ്യാസത്തിന് സര്‍വകലാശാല

വ്യവസായ ടൗണ്‍ഷിപ്പുകളും പ്രത്യേക നിക്ഷേപ മേഖലകളും സ്ഥാപിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ഈ പദ്ധതിയ്ക്കായി ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പി.പി.പി) കേരള യൂണിവേഴ്‌സിറ്റി ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (നൈപുണ്യവികസന-സംരംഭക സര്‍വകലാശാല) സ്ഥാപിക്കും. വിദ്യാഭ്യാസം, ഇന്‍കുബേഷന്‍, വിജ്ഞാന സമ്പാദനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് വ്യവസായ-അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം.

എട്ട് ക്ലസ്റ്ററുകള്‍

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടുന്ന മേഖലയെ ആഗോള സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഴിഞ്ഞം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ യാഥാര്‍ത്ഥ്യമാക്കും. തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതിയില്‍ എട്ട് ക്ലസ്റ്ററുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖാധിഷ്ഠിത സ്മാര്‍ട്ട് വ്യാവസായിക സാമ്പത്തിക ആവാസവ്യവസ്ഥയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 1,700 ഏക്കറിലായി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ത്രികോണം (ഗ്രോത്ത് ട്രയാംഗിള്‍) കൊണ്ടുവരും.

200 ജി.സി.സികള്‍

ഉന്നത സാങ്കേതിക ശേഷിയുള്ള കേന്ദ്രങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനായി 200 ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജി.സി.സി.കള്‍) സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ജി.സി.സി.കള്‍ക്കും ഗ്ലോബല്‍ ടെക്‌നോളജി സെന്ററുകള്‍ക്കുമായി പ്രത്യേക ഇനോവേഷന്‍ പാര്‍ക്കുകളും സ്ഥാപിക്കും.

കൊച്ചി ഗ്ലോബല്‍ സിറ്റി

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ പ്രധാന ഘടകമായി 358 ഏക്കറില്‍ കൊച്ചി ഗ്ലോബല്‍ സിറ്റി പ്രോജക്റ്റ് ആവിഷ്‌കരിക്കുന്നുണ്ട്. ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കോര്‍പ്പറേറ്റ് ആസ്ഥാനങ്ങളെയും ആകര്‍ഷിക്കുന്ന ഈ കേന്ദ്രത്തിലൂടെ 1.20 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 3.6 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ഐ.എസ്.ആര്‍.ഒ. തുടങ്ങിയ സ്ഥാപനങ്ങളോട് അടുത്ത് ഏറോ-ഡിഫന്‍സ് ആന്റ് ഡ്രോണ്‍ ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതും പ്രതിരോധ മേഖലയിലെ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും.

അരീന മലബാര്‍

മലബാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കോഴിക്കോട്-മലപ്പുറം വ്യാവസായിക ക്ലസ്റ്ററിന്റെ ഭാഗമായി ബയോടെക് ആന്‍ഡ് ലൈഫ് സയന്‍സസ് ക്യാംപസും ഇ.എസ്.ഡി.എം. (ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്) ആന്‍ഡ് പവര്‍ ഇലക്ട്രോണിക്‌സ് ക്യാംപസും സ്ഥാപിക്കും. കൂടാതെ, കായികമേഖല, വ്യവസായം, ആരോഗ്യ സംരക്ഷണം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള മള്‍ട്ടി-സെക്ടറല്‍ മെഗാ പ്രോജക്റ്റായ അരീന മലബാര്‍ (കേരള സ്‌പോര്‍ട്‌സ് മെട്രോപോളിസ്) കായിക ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും അത്‌ലീറ്റുകള്‍ക്കുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ കേന്ദ്രമായും മാറും. ഫിന്‍ടെക്, ഐ.ടി-ഐ.ടി.ഇ.എസ്, എ.ഐ. ആന്‍ഡ് റോബോട്ടിക്‌സ്, കൈത്തറി, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് 2,000 ഏക്കറിലധികം പ്രദേശത്ത് കണ്ണൂര്‍-കാസര്‍ഗോഡ് വ്യവസായ ഇടനാഴിയും വിഭാവനം ചെയ്യുന്നുണ്ട്.

മെഗാ ഇന്‍ഡസ്ട്രിയല്‍ സിറ്റി

കൊല്ലത്ത് മെഗാ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുന്നതിലൂടെ സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, നാളികേര ഉല്‍പ്പന്നങ്ങള്‍, കശുവണ്ടി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധനവിന് ഊന്നല്‍ നല്‍കും. ആലപ്പുഴയില്‍ മാരിടൈം ആന്റ് മറൈന്‍ പാര്‍ക്കും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് 500 ഏക്കറില്‍ മെഡിക്കല്‍ ബയോടെക് ഹബ്ബും കോട്ടയത്ത് 2,000 ഏക്കറില്‍ ചെറുകിട വ്യവസായങ്ങളെ സംയോജിപ്പിച്ചുള്ള മെഗാ ഇന്‍ഡസ്ട്രിയല്‍ സിറ്റിയും സ്ഥാപിക്കാന്‍ വിഷന്‍ 2031 പദ്ധതി രേഖ പ്രാധാന്യം നല്‍കുന്നു.

റോബോട്ടിക്‌സ് പാര്‍ക്ക്

റോബോട്ടിക്‌സ് ഉല്‍പ്പാദനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോബോട്ടിക്‌സ് പാര്‍ക്കും, ജെം ആന്റ് ജ്വല്ലറി പാര്‍ക്കും തൃശൂരില്‍ സ്ഥാപിക്കും. വയനാട് കോഫി പാര്‍ക്കും പാലക്കാട് ഗ്രഫീന്‍ അറോറ പാര്‍ക്കും വിഷന്‍ 2031 ന്റെ ഭാഗമാണ്. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ പ്രാഥമിക കേന്ദ്രങ്ങളാക്കി ഗ്രീന്‍ ഹൈഡ്രജന്‍ വാലി പ്രോജക്റ്റ് 2031-ഓടെ പ്രവര്‍ത്തനക്ഷമമാക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകള്‍ ബിസിനസ് കേന്ദ്രങ്ങളായി മാറുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.

മിഷന്‍ ഒരു ലക്ഷം

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം നാനോ-മൈക്രോ സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ള മിഷന്‍ ഒരു ലക്ഷം എം.എസ്.എം.ഇ. സ്‌കെയിലിംഗ് പദ്ധതിയും വ്യവസായ വകുപ്പ് നടപ്പാക്കുന്നുണ്ട്. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിന്റെ ഭാഗമായി 50 കാമ്പസ് വ്യവസായ പാര്‍ക്കുകള്‍, 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍, 25 പ്രവാസി വ്യവസായ പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കും. ഈ സമഗ്രമായ പദ്ധതികളുടെ ഫലമായി കെല്‍ട്രോണിന്റെ വിറ്റുവരവ് 2000 കോടി രൂപയിലെത്തിക്കാനും കഴിയും.

തന്ത്രപരമായ പരിഷ്‌കാരങ്ങള്‍, സമര്‍പ്പിത ഇടനാഴികള്‍, നൂതന കേന്ദ്രങ്ങള്‍, സുസ്ഥിര വികസന സംരംഭങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ഇന്ത്യയുടെ പ്രധാന വ്യവസായ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള സമഗ്രമായ കാഴ്ചപ്പാടാണ് വിഷന്‍ 2031 മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Vision 2031: Kerala unveils roadmap to become India’s next industrial hub

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com