ഉദ്യോഗസ്ഥരുടെ കഴുത്തിനു പിടിക്കാൻ ട്രംപ്; അമേരിക്ക വൻതോതിൽ ഗവൺമെന്റ് ജോലികൾ കുറക്കുമെന്ന് പ്രഖ്യാപനം

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന മുറക്ക് അമേരിക്കയിൽ സർക്കാർ ജോലിക്കാരിൽ നല്ലൊരു പങ്ക് വഴിയാധാരമായേക്കും. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും വ്യവസായ രംഗത്തെ അതികായനായ ഇലോൺ മസ്കും നയിക്കുന്ന കർമശേഷി വകുപ്പ് (Department of Government Efficiency) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അനാവശ്യമെന്ന് കരുതുന്ന ദശലക്ഷക്കണക്കായ ഉദ്യോഗസ്ഥരെ ഒഴിവാക്കുമെന്ന് വിവേക് രാമസ്വാമി ഫ്ലോറിഡയിൽ പരസ്യമായി പ്രഖ്യാപിച്ചു.
ഫെഡറൽ ബ്യൂറോക്രാറ്റുകളെ ബ്യൂറോക്രസിയിൽ നിന്ന് കൂട്ടത്തോടെ പറഞ്ഞു വിടാൻ കഴിയുന്ന സ്ഥിതിയിലാണ് തങ്ങൾ ഉള്ളതെന്ന് വിവേക് രാമസ്വാമി പറഞ്ഞു. രാജ്യത്തെ എങ്ങനെ രക്ഷിക്കാൻ പോകുന്നുവെന്ന കർമപദ്ധതിയിൽ ഇതും ഉൾപ്പെടും. കഴിഞ്ഞ നാലു വർഷം കൊണ്ട് രാജ്യം ക്ഷയിച്ചു വരുകയായിരുന്നു. അതിൽ നിന്നൊരു വീണ്ടെടുപ്പിന് അധ്വാനിക്കേണ്ട സ്ഥിതിയാണ്. ക്ഷയിച്ച രാജ്യമായി തുടരേണ്ട അവസ്ഥ അമേരിക്കക്ക് ഇല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ഉന്നതിയിലേക്ക് നടക്കാവുന്ന രാജ്യമായി നമ്മൾ വീണ്ടും മാറി. ഈ രാജ്യത്തിന്റെ മികച്ച ദിവസങ്ങൾ യഥാർഥത്തിൽ ഇനിയും നമുക്കു മുന്നിലാണ്. അമേരിക്കയുടെ പ്രഭാതമായി അത് മാറുകയാണ്. യുവതലമുറക്ക് നിറം നോക്കാതെ തൊഴിൽ ലഭിക്കുന്ന സാഹചര്യമുണ്ടാകും.

ഉദ്യോഗസ്ഥ പെരുപ്പം നൂതനാശയങ്ങൾ ഇല്ലാതാക്കുന്നു, ചെലവു കൂട്ടുന്നു

കർമശേഷി വകുപ്പിന്റെ പ്രവർത്തന പുരോഗതിയെക്കുറിച്ച് ഓരോ ആഴ്ചയും പൊതുജനങ്ങളെ അറിയിക്കുന്ന ലൈവ് സ്ട്രീം പരിപാടി തുടങ്ങുമെന്നും വിവേക് രാമസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സംവിധാനത്തിന്റെ വലിപ്പം കുറക്കുകയും കഴിവതും സുതാര്യമാക്കുകയും ചെയ്യും. രാജ്യത്തിന്റെ സ്ഥാപക നേതാക്കൾ വിഭാവനം ചെയ്തതു പോലൊരു വലിപ്പത്തിലുള്ള സർക്കാർ സംവിധാനം കൊണ്ടുവരും. പ്രസിഡന്റ് ട്രംപ് ഏൽപിച്ച ഉത്തരവാദിത്തം പൂർത്തിയാക്കുന്നതിന് മുന്നോട്ടു നീങ്ങും. ഉദ്യോഗസ്ഥപ്പെരുപ്പം നൂതനാശയങ്ങൾ കുറക്കുകയും ചെലവു കൂട്ടുകയും ചെയ്യും. യു.എസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്ട്രേഷൻ, ന്യൂക്ലിയർ റഗുലേറ്ററി കമീഷൻ തുടങ്ങി എണ്ണമറ്റ നിരവധി ഏജൻസികളുടെ പ്രശ്നവും അതു തന്നെയാണ്. തങ്ങളുടെ പ്രവർത്തന രീതി വളർച്ച തടസപ്പെടുത്തുന്നത് എങ്ങനെയാണെന്ന് അവർ അറിയുന്നില്ല. തിളക്കമുള്ള പ്രതിഭകളെ തങ്ങൾ ഒരുമിപ്പിക്കും. നവ മാൻഹാട്ടൺ പദ്ധതിക്ക് തുല്യമാണത്. ഫെഡറൽ ബ്യൂറോക്രസിയാണ് രാജ്യ​ത്തെ പിന്നാക്കം കൊണ്ടുപോകുന്നത്. ചെലവു കുറച്ച് പണം ലാഭിച്ച് സ്വയംഭരണത്തിന്റെ മാർഗത്തിൽ മുന്നോട്ടു നീങ്ങുകയാണ് ലക്ഷ്യമെന്നും വിവേക് രാമസ്വാമി പറഞ്ഞു.
Related Articles
Next Story
Videos
Share it