വിഴിഞ്ഞത്ത് ഒരേസമയം അടുത്തത് മൂന്ന് കപ്പലുകള്‍! തുറമുഖ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രാജ്യാന്തര കോണ്‍ക്ലേവ്

ജനുവരി 28, 29 തീയതികളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ 300 പ്രതിനിധികളും അന്‍പതില്‍പ്പരം നിക്ഷേപകരുമെത്തും
three ships anchored in vizhinjam port
image credit : Vizhinjam port , vizhinjam conclave
Published on

ഫെബ്രുവരിയിലെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'വിഴിഞ്ഞം കോണ്‍ക്ലേവ് 2025'ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള 300 പ്രതിനിധികളെത്തുമെന്ന് മന്ത്രി പി.രാജീവ്. കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരി 28, 29 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അന്‍പതിലധികം നിക്ഷേപകരും പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോണ്‍ക്ലേവില്‍ ഉറപ്പാക്കിയിട്ടുണ്ട്. തുറമുഖാനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പംതന്നെ മറ്റ് മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്ഐഡിസി, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകള്‍, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, പ്രസന്റേഷനുകള്‍ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിനകത്തുള്ള കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോണ്‍ക്ലേവില്‍ വിശകലനം ചെയ്യും. നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന സെഷനുകള്‍, ബിസിനസ് ലീഡര്‍മാരുമായി പ്രതിനിധികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവിന്റെ പ്രത്യേകതകളാണ്.

പ്രാദേശിക ബോധവത്കരണവും ലക്ഷ്യം

സംസ്ഥാനത്ത് വലിയതോതില്‍ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴില്‍സാധ്യതകളാണ് അനുബന്ധവ്യവസായങ്ങളിലൂടെ ഉണ്ടാകുക. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ക്ലേവില്‍ തുടക്കമാകും. കോണ്‍ക്ലേവിനു മുന്നോടിയായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോര്‍ട്സിന്റെ ആഭിമുഖ്യത്തിലും 'ട്രിവാന്‍ഡ്രം സ്പീക്സ്' എന്ന പേരില്‍ രണ്ട് പരിപാടികള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും.

ചരക്കുനീക്കത്തില്‍ അതിവേഗം

ഒരേസമയം മൂന്ന് കപ്പലുകള്‍ വരെ അടുത്തതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചരക്കുനീക്കത്തിന് അതിവേഗം. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി)യുടെ മൂന്നു കപ്പലുകളാണ് കഴിഞ്ഞ ദിവസം ഒരേ സമയം തുറമുഖത്ത് ബെർത്ത് ചെയ്തത്. എം.എസ്.സി സുജിന്‍, എം.എസ്.സി സോമിന്‍, എം.എസ്.സി ടൈഗര്‍ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. നിലവില്‍ പൂര്‍ത്തിയായ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ 700 മീറ്ററോളം സ്ഥലമാണ് മൂന്നു കപ്പലുകള്‍ക്കുമായി ബെര്‍ത്തിംഗിന് ആവശ്യമായി വന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com