വിഴിഞ്ഞം സമുദ്ര -വ്യോമ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാകുമെന്ന് അദാനി പോർട്ട്സ് സി.ഇ.ഒ

20 കിലോമീറ്റര്‍ ചുറ്റളവില്‍ എയര്‍പോര്‍ട്ടും ദേശീയപാതയും ഉണ്ടെന്നത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു
വിഴിഞ്ഞം സമുദ്ര -വ്യോമ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാകുമെന്ന് അദാനി പോർട്ട്സ് സി.ഇ.ഒ
Published on

സമുദ്രഗതാഗതവും ചരക്കുനീക്കവും ഉറപ്പാക്കുന്നതിലുപരി സമുദ്ര-വ്യോമ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് കൂടിയായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ആഗോളതലത്തില്‍ ഇതിന് വലിയ സാധ്യതകളുണ്ടെന്നും അദാനി പോര്‍ട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രണവ് ചൗധരി. 20 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനത്താവളവും ദേശീയപാതയും ഉണ്ടെന്നത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ സമുദ്ര ഗതാഗതമേഖലയിലും ചരക്കുനീക്ക മേഖലയിലും വിഴിഞ്ഞം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം കോണ്‍ക്ലേവ് 2025ല്‍ വിഴിഞ്ഞം തുറമുഖത്തെ ആഗോള മരിടൈം ഹബ്ബാക്കി മാറ്റുന്ന പദ്ധതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗത്ത് ഏഷ്യയിലെ തിരക്കേറിയ തുറമുഖമായി വിഴിഞ്ഞം വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദര്‍ വെസ്സലുകളടക്കം നൂറോളം കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോയി. തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 250 കപ്പലുകളെ കൈകാര്യം ചെയ്യാനാകും. സൗത്ത് ഏഷ്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ടെര്‍മിനലാണ് വിഴിഞ്ഞത്തേത്. സാങ്കേതിക വിദ്യയുടെ മികവ് ഇവിടെ കാണാനാകും. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ അടക്കം ലോകത്ത് പലയിടത്തും സെമി ഓട്ടോമേറ്റഡ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും അത്ര വിജയകരമല്ല. എന്നാല്‍ വിഴിഞ്ഞം വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള എന്‍ജിനീയര്‍മാരാണ് റിമോട്ടില്‍ ഓപ്പറേറ്റ് ചെയ്യുന്ന 18 ഓളം ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള സമുദ്ര വ്യാപാര മേഖലയുടെ മര്‍മ്മ പ്രധാനമായ ഭാഗമായി മാറിക്കൊണ്ടിരിക്കയാണ് വിഴിഞ്ഞം. ഷാങ്ഹായ്, ബുസാന്‍, റോട്ടര്‍ഡാം, ആഫ്രിക്കന്‍ തുറമുഖങ്ങള്‍ എന്നിവയുമായെല്ലാം വിഴിഞ്ഞത്തിന് വളരെ സ്വാഭാവികമായ കണക്ടിവിറ്റിയുണ്ട്. ഇത് വിഴിഞ്ഞത്തിന്റെ തന്ത്രപരമായ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. രണ്ടാംഘട്ട വികസനത്തില്‍ ദ്രവീകൃതമല്ലാത്ത ചരക്കുകള്‍ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഴിഞ്ഞം. ഒപ്പം കണക്ടിവിറ്റി ഇരട്ടിയാക്കും. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിലുപരി വ്യോമ, റോഡ് ചരക്കുനീക്കങ്ങള്‍ക്കുള്ള കണക്ടിവിറ്റി കൂടി ഉള്ളതിനാല്‍ വിഴിഞ്ഞം , മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് സൊല്യൂഷന്‍ പ്രൊവൈഡറാണെന്ന് പറയാം. തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, വ്യവസായ ക്‌ളസ്റ്ററുകള്‍, ഔട്ടര്‍ ഏരിയ റിങ് റോഡുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും. കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ നിരവധി നിക്ഷേപകരെ ആകര്‍ഷിക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com