വിഴിഞ്ഞത്തിന് ഡബിള്‍ സെഞ്ചുറി! ₹6,250 കോടിയുടെ നിക്ഷേപം വരും, യൂറോപ്പിനും ഏഷ്യക്കും ഇടയിലെ പ്രധാന കേന്ദ്രമാകാന്‍ ജേഡ് സര്‍വീസും

ജേഡ് സര്‍വീസിന്റെ ഭാഗമായ മിയ എന്ന കൂറ്റന്‍ ചരക്കുകപ്പലും വിഴിഞ്ഞത്തെത്തി
as alva container ship docked at vizhinjam international port
facebook/ VN Vasavan
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ ഇരുന്നൂറാമത്തെ കപ്പലും തീരമടുത്തു. എ.എസ് അല്‍വയെന്ന ചരക്കുകപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തിയത്. തുറമുഖത്ത് ഇതുവരെ 3.98 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തതായും തുറമുഖ അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തും.

വരും 6,250 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ 6,250 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ താത്പര്യം അറിയിച്ച് കമ്പനികള്‍. 50 മുതല്‍ 5,000 കോടി രൂപയുടെ വരെ പദ്ധതികള്‍ക്കാണ് 12 കമ്പനികള്‍ താത്പര്യം അറിയിച്ചത്. ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പിന്റെ ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനലാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്. സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്ന മുറക്ക് 5,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമാകും. പ്രൈവറ്റ് റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ മെഡ്‌ലോക്ക് കമ്പനി 300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം അറിയിച്ചിട്ടുണ്ട്.

കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കെറി ഇന്‍ഡേവ് 200 കോടി രൂപയും രാജാ ഏജന്‍സീസ് 50 കോടി രൂപയും ഹിന്ദ് ടെര്‍മിനല്‍ 200 കോടി രൂപയും മെര്‍ക്കന്റൈല്‍ ലോജിസ്റ്റിക്‌സ് 150 കോടി രൂപയും നിക്ഷേപിക്കും. ഇതിന് പുറമെ വെയര്‍ ഹൗസിംഗ്, ട്രാന്‍സ്‌പോര്‍ട്ടിംഗ്, ചില്ലിംഗ് യൂണിറ്റ് എന്നീ മേഖലകളിലും കോടികളുടെ നിക്ഷേപമെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ഏഷ്യ-യൂറോപ് പാതയിലെ പ്രധാന കേന്ദ്രമാകും

ഇതിന് പുറമെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) ജേഡ് സര്‍വീസിന്റെ ഭാഗമായ മിയ എന്ന കൂറ്റന്‍ കപ്പലും വിഴിഞ്ഞത്തെത്തി. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന എം.എസ്.സിയുടെ ഏറ്റവും പ്രധാനപ്പെട്ട സര്‍വീസാണ് ജേഡ്. ചൈനയിലെ ക്വിങ്ദാവോ, ദക്ഷിണ കൊറിയയിലെ ബുസാന്‍, ചൈനയിലെ നിങ്ബോ-ഷൗഷാന്‍,ഷാങ്ഹായ്,യാന്റിയന്‍, സിംഗപ്പൂര്‍, സ്‌പെയിനിലെ വലന്‍സിയ,ബാഴ്സലോണ ഇറ്റലിയിലെ ജിയോയ ടൗറോ എന്നീ പ്രധാന തുറമുഖങ്ങളാണ് ജേഡ് സര്‍വീസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിഴിഞ്ഞവും ഉള്‍പ്പെട്ടത് നമ്മുടെ വളര്‍ച്ചയുടെ സാധ്യതയാണ് കാണിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com