വന്‍ പദ്ധതികള്‍ക്ക് അകമ്പടിയായി വിവാദങ്ങള്‍ തുടര്‍ക്കഥ; കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നതിന് തടസമാകുമോ?

വിഴിഞ്ഞത്തിന്റെ കാര്യത്തിലും ഇത്തരം ചര്‍ച്ചകള്‍ നീണ്ടുപോയാല്‍, അനുബന്ധ വ്യവസായങ്ങളായ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, വെയര്‍ഹൗസുകള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവയിലേക്ക് വരാനിരിക്കുന്ന വലിയ ആഭ്യന്തര-വിദേശ നിക്ഷേപങ്ങളുടെ വേഗത കുറയും
msc irina berthed in vizhinjam international port
facebook/Vizhinjam International Seaport Limited
Published on

മുമ്പ് സ്മാര്‍ട്ട്‌സിറ്റിയായിരുന്നു. ഇപ്പോള്‍ ആ സ്ഥാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനാണ്. കേരളത്തിന് കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സമ്മാനിക്കുന്ന വന്‍കിട പ്രോജക്ടുകളെല്ലാം വിവാദങ്ങളില്‍ അകപ്പെടുന്നത് തുടര്‍ക്കഥയായി മാറുകയാണ്. അടിക്കടി ഉണ്ടാകുന്ന വിവാദങ്ങള്‍ കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തില്‍ തിരിച്ചടിയാകുമോ?

വിഴിഞ്ഞം പദ്ധതി തുടക്കം മുതല്‍ സമരങ്ങളും നിയമപോരാട്ടങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും പരിസ്ഥിതി വിഷയങ്ങളും നേരിട്ടിരുന്നു. തുടര്‍ച്ചയായ വിവാദങ്ങള്‍ കേരളത്തില്‍ വലിയ പദ്ധതികള്‍ നടപ്പാക്കുന്നത് സങ്കീര്‍ണമാണെന്ന ധാരണ അന്താരാഷ്ട്ര നിക്ഷേപകര്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തീരുമാനങ്ങളിലെ അനിശ്ചിതത്വം

വന്‍കിട നിക്ഷേപകര്‍ പ്രധാനമായും നോക്കുന്നത് നയസ്ഥിരതയും കരാര്‍ ഉറപ്പുമാണ്. നിയമപരമായ അനിശ്ചിതത്വങ്ങളോ രാഷ്ട്രീയ നയരൂപീകരണമോ നീണ്ടുപോയാല്‍, പുതിയ നിക്ഷേപ തീരുമാനങ്ങളെ അത് സ്വാധീനിച്ചേക്കാം.

കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം. ഭൂമിശാസ്ത്രപരമായി അതിന്റെ സ്ഥാനമാണ് വിഴിഞ്ഞത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തേക്ക് പുതിയ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതും.

വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും എം.എസ്.സി പോലുള്ള ആഗോള കമ്പനികള്‍ വിഴിഞ്ഞത്തില്‍ പങ്കാളികളാകാന്‍ തയാറാകുന്നത് തുറമുഖത്തിന്റെ ബിസിനസ് സാധ്യതകളിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നത്.

സ്മാര്‍ട്ട്സിറ്റിയില്‍ നിന്ന് വിഴിഞ്ഞം വരെ

കേരളത്തില്‍ വലിയ പദ്ധതികള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് പുതിയ കാര്യമല്ല. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ തുടക്കകാലം മുതല്‍ ഓഹരി ഘടന, ഭൂമി, കരാര്‍ വ്യവസ്ഥകള്‍, നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘകാല ചര്‍ച്ചകള്‍ നടന്നിരുന്നു.

വിവാദങ്ങള്‍ കാരണം പദ്ധതികള്‍ക്ക് ഉണ്ടാകുന്ന കാലതാമസം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും നേരിട്ട് ബാധിക്കുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഉന്നത തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി വര്‍ഷങ്ങളോളം വൈകിയതും ഒടുവില്‍ കരാര്‍ റദ്ദാക്കലില്‍ എത്തിയതും ചരിത്രമാണ്.

വിഴിഞ്ഞത്തിന്റെ കാര്യത്തിലും ഇത്തരം ചര്‍ച്ചകള്‍ നീണ്ടുപോയാല്‍, അനുബന്ധ വ്യവസായങ്ങളായ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, വെയര്‍ഹൗസുകള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവയിലേക്ക് വരാനിരിക്കുന്ന വലിയ ആഭ്യന്തര-വിദേശ നിക്ഷേപങ്ങളുടെ വേഗത കുറയും. ഇത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും.

വിഴിഞ്ഞം എന്തുകൊണ്ട് പ്രധാനം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിപ്പണത്തെയാണ് കേരളം കാലങ്ങളായി പ്രധാനമായും ആശ്രയിക്കുന്നത്. അടുത്ത കാലത്തായി ഈ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഇപ്പോള്‍ വേഗം കൂടുതലാണ്. എപ്പോള്‍ എന്തു വേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇത്തരമൊരു കാലഘട്ടത്തില്‍ സ്വന്തം കാലില്‍ നില്ക്കുകയെന്നതാണ് കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം.

വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കാന്‍ ഉയര്‍ന്ന മൂല്യമുള്ള മാരിടൈം-ഐടി വ്യവസായങ്ങള്‍ സ്ഥാപിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. ഭൂവിസ്തൃതിയിലും സ്ഥലമേറ്റെടുക്കലിലും വലിയ പ്രതിസന്ധിയുള്ള കേരളത്തിന് വിഴിഞ്ഞം പോലുള്ള പദ്ധതികള്‍ അനിവാര്യമാണ്.

ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോകള്‍ കൈകാര്യം ചെയ്യാന്‍ കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ ഹബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി ആ ബിസിനസ് വിഴിഞ്ഞത്തേക്ക് വന്നാല്‍ കേരളത്തിനുണ്ടാകുന്ന വരുമാന വളര്‍ച്ച ചെറുതല്ല. വെറുമൊരു തുറമുഖം കൊണ്ട് മാത്രം ഈ മേഖലയില്‍ സാമ്പത്തിക വിപ്ലവം സാധ്യമല്ല.

സിംഗപ്പൂരും ദക്ഷിണ കൊറിയയും ചെയ്തതുപോലെ വിഴിഞ്ഞത്തിന് ചുറ്റും അനുബന്ധ വ്യവസായങ്ങളുടെ ഒരു വലിയ ശൃംഖല തീര്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആഗോള വ്യാപാരത്തില്‍ നിന്ന് പരമാവധി ലാഭം കൊയ്യാന്‍ കേരളത്തിന് സാധിക്കൂ. അതിനു വേണ്ടത് എല്ലാത്തിലും വിവാദം കണ്ടെത്തുകയെന്ന രീതി മാറ്റുകയാണ്.

An analysis of whether recurring controversies surrounding major projects like Vizhinjam Port could affect Kerala's investment climate and industrial growth

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com