കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം തുറമുഖത്ത് നിന്ന് റോഡ് മാര്‍ഗം ചരക്കുനീക്കം, പ്രാദേശിക വിപണിക്ക് നേട്ടമാകും

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുമെന്ന് പ്രതീക്ഷ
msc irina berthed at vizhinjam port
എം.എസ്.സി ഐറീന തീരമടുത്തപ്പോള്‍ VISIT Media
Published on

വരുന്ന നവംബര്‍ ഒന്ന് മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് റോഡ് മാര്‍ഗം ചരക്കുനീക്കം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ചരക്ക് കയറ്റിറക്കത്തിനും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ടിനുമുള്ള (എക്‌സിം) കസ്റ്റംസ് അനുമതി ലഭിച്ചതോടെയാണിത്. കേന്ദ്രധനമന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക അനുമതിയാണ് ലഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിന്റെ അന്തിമ അനുമതിയും ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

വലിയ മദര്‍ഷിപ്പുകളില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ ഫീഡര്‍ കപ്പലുകളിലേക്ക് മാറ്റുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് നിലവില്‍ വിഴിഞ്ഞത്ത് നടക്കുന്നത്. കസ്റ്റംസ് അനുമതി ലഭിക്കുന്നതോടെ ആഭ്യന്തര ചരക്ക് നീക്കവും തുടങ്ങാനാകും. ഒക്ടോബറില്‍ ഇതിന്റെ ട്രയല്‍ റണ്‍ നടത്താനാണ് ആലോചിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന റോഡ് സംവിധാനവും ഇതിനുള്ളില്‍ പൂര്‍ത്തിയാക്കും. 300 മീറ്റര്‍ റോഡ് കൂടി നിര്‍മിക്കാന്‍ ബാക്കിയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേശീയപാതയിലൂടെ രാത്രികാലങ്ങളില്‍ കണ്ടെയ്‌നര്‍ ട്രക്കുകള്‍ കടത്തിവിടാനാണ് ആലോചന.

പ്രാദേശിക വിപണിക്ക് നേട്ടമാകും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്ന് മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണങ്ങള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമായിരുന്നില്ല. റോഡ് സംവിധാനങ്ങള്‍ പൂര്‍ത്തിയായി ആഭ്യന്തര ചരക്ക് നീക്കം സാധ്യമാകുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊണ്ടുവരുന്ന ചരക്കുകള്‍ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ കഴിയും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സിയുടെ പ്രധാന കപ്പല്‍ റൂട്ടുകളില്‍ വിഴിഞ്ഞം ഉള്‍പ്പെട്ടതും ഗുണമാകും. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയും എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

വമ്പന്‍ കമ്പനികള്‍ വിഴിഞ്ഞത്തേക്ക്

രാജ്യത്തെ പ്രധാന തുറമുഖങ്ങളിലുള്ള കസ്റ്റംസ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വിഴിഞ്ഞത്ത് പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസ് പോലുള്ള അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പ്രദേശത്ത് 300 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചിടങ്ങളിലാണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി പണം നല്‍കി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ നിരവധി കമ്പനികള്‍ വിഴിഞ്ഞത്ത് നിക്ഷേപം നടത്താമെന്ന് അറിയിച്ചെങ്കിലും അതിനുപറ്റിയ സ്ഥലം കണ്ടെത്താനാവാത്തത് തിരിച്ചടിയായിരുന്നു.

Kerala’s Vizhinjam Port has received customs clearance for EXIM and domestic cargo operations. The port is expected to begin operations by November, boosting India’s shipping and logistics sector.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com