വിഴിഞ്ഞം തുറമുഖം; പ്രതിവര്‍ഷം ₹10,000 കോടിയുടെ വരുമാനം, ഭൂരിഭാഗവും കേന്ദ്രത്തിനെന്ന് മന്ത്രി, ക്രെഡിറ്റടിക്കാന്‍ രാഷ്ട്രീയ തര്‍ക്കം
പ്രതിവര്‍ഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കാനിടയുണ്ടെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയില്‍ നിന്നും 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതല്‍ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും എന്നിങ്ങനെയാണ് നിരക്ക്.
8,867 കോടി രൂപ ചെലവ് വന്ന ആദ്യ ഘട്ടത്തില്‍ 5,595 കോടി സംസ്ഥാന സര്‍ക്കാരും 2,454 കോടി അദാനി ഗ്രൂപ്പും 818 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയും ആണ് മുടക്കുന്നത്. അടുത്ത ഘട്ടത്തിനാവശ്യമായ 9,500 കോടി രൂപ പൂര്‍ണമായും അദാനി പോര്‍ട്‌സ് വഹിക്കും. വി.ജി.എഫ് 817.80 കോടി രൂപ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി കേന്ദ്രത്തിന് തിരിച്ച് അടക്കണം. തുറമുഖം സജ്ജമാവുമ്പോള്‍ വരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് പോവുമെന്നും മന്ത്രി പറഞ്ഞു.
2028 ഓടെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമെന്നും 2034 മുതല്‍ വരുമാനം ലഭിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അസംസ്‌കൃത വസ്തുക്കളുടെ അഭാവം, ഓഖി, പ്രളയം, കോവിഡ് -19 എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങളെ അതിജീവിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് എന്നും 2034 ഓടെ തുറമുഖത്തെ പൂര്‍ണ്ണ അര്‍ത്ഥത്തിലും ലക്ഷ്യത്തിലും വ്യപ്തിയിലും എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മോദിയെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ്-പോര്‍ട്സ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, വിവിധ ജനപ്രതിനിധികള്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദാനി പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതുവരെ എത്തിയത് 285 കപ്പലുകള്‍
2024 ജൂലൈയില്‍ വിഴിഞ്ഞത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിസംബര്‍ 3 ന് കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 285 കപ്പലുകള്‍ ഇതുവരെയായി വിഴിഞ്ഞത്ത് എത്തി. ഇതുവരെ 5.93 ലക്ഷം ടി.ഇ.യു ( TEU) കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു.
വരുന്നത് വലിയ മാറ്റം
രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ , ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രജിങ്ങിലൂടെ കടല്‍ നികത്തി കണ്ടത്തുക. ഇതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ല.
വരും അധിക വരുമാനം
തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനവും ഉണ്ടാവും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കി.മീ റെയില്‍പ്പാതയുടെ നിര്‍മാണം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ ചുമതലയാണ്. ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇതില്‍ 9.02 കി.മീ ഭൂമിക്കടിയിലൂടെയാണ്. 1,482.92 കോടി രൂപ ചെലവാകും. നിര്‍മാണം 2028 ഡിസംബറില്‍ പൂര്‍ത്തിയാകും. താല്‍ക്കാലികമായി തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ (CRT) സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്
അപ്രോച്ച് റോഡ്
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) ചുമതലയില്‍ 2 കി.മീ അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. തലക്കോട് ജംഗ്ഷനില്‍ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന ഡിസൈന്‍ ദേശീയപാത അതോറിറ്റി അംഗീകരിച്ചെങ്കിലും, ചരക്കു നീക്കം കണക്കിലെടുത്ത് ക്ലോവര്‍ ലീഫ് ഡിസൈന്‍ നിര്‍ദേശിച്ചു. ഇതിന് അധിക ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവും സമയബന്ധിത നടപടികളും സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്യുന്നു. കാലതാമസം ഒഴിവാക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ദേശീയപാത അതോറിറ്റി അംഗീകരിക്കുകയും എ.വി.പി.പി.എല്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ക്രെഡിറ്റടിക്കാന്‍ രാഷ്ട്രീയ തര്‍ക്കം
അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും കനക്കുന്നു. തുറമുഖ കമ്മിഷനിംഗ് ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ദൂതന്‍ മുഖേന പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെങ്കിലും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ കാലത്താണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ചതെന്നാണ് സി.പി.എമ്മിന്റെ വാദം. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രപദ്ധതിയെന്ന പേരില്‍ അവതരിപ്പിച്ചെന്ന പരാതിയും സി.പി.എം ഉയര്‍ത്തുന്നുണ്ട്.
PM Modi to inaugurate Vizhinjam International Seaport on May 2, enhancing India's maritime trade and positioning Kerala as a global shipping hub.
Read DhanamOnline in English
Subscribe to Dhanam Magazine

