

തിരുവനന്തപുരം: കടലിലും കരയിലും ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ളതിനാല്‍ വരുന്ന അഞ്ച് വര്‍ഷക്കാലം നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം മുന്നോട്ടു വയ്ക്കുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാര്‍ കെ നായര്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പില്‍ 'മാരിടൈം നവീകരണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം അത്യാധുനിക സൗകര്യങ്ങളാല്‍ സജ്ജമാണ്, പ്രവര്‍ത്തനം തുടങ്ങി വെറും 13 മാസത്തിനകം 160 രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും തുറമുഖത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണാ സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡുകള്‍, റെയില്‍വേ, കണ്ടെയ്‌നര്‍ യാര്‍ഡുകള്‍, കപ്പലുകള്‍ക്ക് സര്‍വീസ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും ആവശ്യമാണ്. രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായതിനാല്‍ തന്നെ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സഹായിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ മുംബൈ, ചെന്നൈ തുടങ്ങിയ പഴയ തുറമുഖങ്ങളെ അപേക്ഷിച്ച് യൂറോപ്പ്, യുഎസ് പോലുള്ള പ്രധാന വിപണികളില്‍ അതിവേഗത്തില്‍ എത്തുമെന്ന് അദ്ദേഹം വിശദമാക്കി.
ഇന്ത്യയിലെ സ്വകാര്യ കപ്പല്‍ നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 70,000 കോടി വകയിരുത്തിയിരിക്കുന്നതിനാല്‍ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കപ്പല്‍ നിര്‍മ്മാണ രംഗത്ത് വിപുലമായ സാധ്യതകളുണ്ടെന്ന് സ്മാര്‍ട്ട് എഞ്ചിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ആന്റണി പ്രിന്‍സ് പറഞ്ഞു.
പാരമ്പര്യ വ്യവസായമെങ്കിലും ഷിപ്പിംഗ് എന്നത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. എമിഷന്‍, ഷിപ്പിംഗ് ഡാറ്റ, നാവിഗേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ സ്ഥിരമായി നവീകരണം നടക്കുന്നുണ്ട്. ഷിപ്പിംഗിന്റെ എല്ലാ ഘട്ടങ്ങളിലും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ യുവസംരംഭകര്‍ കാണിക്കുന്ന ആവേശം ഏറെ ശ്രദ്ധേയമാണെന്ന് ഷിപ്പ്‌റോക്കറ്റ് ചീഫ് പ്രോഡക്ട് ഓഫീസര്‍ പ്രഫുല്‍ പോഡാര്‍. മുംബൈയിലും ഡല്‍ഹിയിലും നടന്ന പരിപാടിയിലും സമാനമായ ഊര്‍ജ്ജമാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സപ്ലൈ ചെയിന്‍ കണ്‍സള്‍ട്ട് ബോര്‍ഡ് അഡൈ്വസറും ആമസോണ്‍ പിവുട്ട് മുന്‍ വൈസ് പ്രസിഡന്റുമായ അഖില്‍ സക്‌സേന മോഡറ്ററായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine