ഇനി കൊളംബോ വിയര്‍ക്കും: ചരക്കു നീക്കത്തിനുള്ള ഫീസ് കുത്തനെ കുറച്ച് വിഴിഞ്ഞം തുറമുഖം

ചെങ്കടലിലെ പ്രതിസന്ധി വിഴിഞ്ഞത്തിന് നേട്ടമാകും
kmarin azur container ship in vizhinjam port
image credit : vizhinjam port
Published on

അടുത്ത മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെ ചരക്ക് ഇറക്കാനും കപ്പല്‍ അടുപ്പിക്കാനുമുള്ള നിരക്ക് നിര്‍ണയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കൊളംബോ, വല്ലാര്‍പ്പാടം തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എല്‍) നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.

നിരക്ക് കൊളംബോ തുറമുഖത്തിനേക്കാള്‍ കുറവ്

നിലവില്‍ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് നീക്കത്തിന്റെ സിംഹഭാഗവും കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെ ആശ്രയിച്ചാണ്. മദര്‍ഷിപ്പുകളിലെത്തുന്ന ചരക്ക് കൊളംബോ തുറമുഖത്ത് ഇറക്കിയ ശേഷം ചെറിയ കപ്പലുകളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതാണ് രീതി. ഇനി മുതല്‍ ഇന്ത്യയിലേക്കുള്ള കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി.

30,000 ടണ്‍ ജി.ആര്‍.ടി (ഗ്രോസ് രജിസ്‌ട്രേഡ് ടണ്ണേജ് -കപ്പലിന്റെ ഭാരം)യുള്ള കപ്പല്‍ 24 മണിക്കൂര്‍ വിഴിഞ്ഞത്ത് തങ്ങിയാല്‍ ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ നല്‍കിയാല്‍ മതി. കൊളംബോയില്‍ സമാന സേവനത്തിന് 17.5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇതുപോലെ മറ്റ് നിരക്കുകളും എ.വി.പി.പി.എല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെങ്കടലിലെ സാഹചര്യങ്ങള്‍ വിഴിഞ്ഞത്തിന് അനുകൂലമാകും

ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന ചെങ്കടല്‍ പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷമായാല്‍ ഷിപ്പിംഗ് കമ്പനികള്‍ മറ്റ് റൂട്ടുകള്‍ പരീക്ഷിക്കാന്‍ തയ്യാറാകും. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ചരക്കുനീക്കം വര്‍ധിപ്പിക്കും. സ്വാഭാവികമായും ഇതിന്റെ ഗുണം ലഭിക്കുക വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങളാണ്. വലിയ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാവുന്ന വിധത്തില്‍ നിര്‍മിച്ചിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ പ്രധാന ഹബ്ബാക്കാനുള്ള ആലോചനയിലാണ് പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍. ഇത് കൂടുതല്‍ നിക്ഷേപങ്ങളും വിഴിഞ്ഞത്തെത്തിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com