

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാവി വളര്‍ച്ചക്കായി തുറമുഖം കേന്ദ്രീകരിച്ചുള്ള പ്രധാന വ്യവസായം എന്താണെന്ന് ഉടന്‍ കണ്ടെത്തണമെന്ന് നയാരാ എനര്‍ജി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍. സിംഗപ്പൂര്‍, റോട്ടര്‍ഡാം തുറമുഖ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായത് പെട്രോകെമിക്കല്‍ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഇലക്ട്രോണിക്സാണ്. അതുപോലെ പോലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന വ്യവസായം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങി പുതിയ ഊര്‍ജ്ജ പദ്ധതികളുടെ സാധ്യത തേടണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ളേവില്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്, റെയില്‍, വ്യോമ ഗതാഗത കണക്ടിവിറ്റി, വ്യാവസായിക പ്രധാന്യം തുടങ്ങിയവ കണക്കിലെടുത്താല്‍ അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തില്‍ വിഴിഞ്ഞത്തിന്റെ പ്രസക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഇതുപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ദീര്‍ഘകാല പദ്ധതിയേക്കാള്‍ പ്രയോജനപ്പെടുക അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം എന്തായിരിക്കണമെന്ന് വിഭാവനം ചെയ്ത് നടപ്പാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച വ്യാവസായിക, നിക്ഷേപക സൗഹൃദ അന്തരീക്ഷമാണ് ഒരുക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതുമാണ്. പക്ഷേ, നമുക്ക് ഭൂമി ലഭ്യതയുടെ കാര്യത്തില്‍ പരിമിതികളുണ്ട്. ആ പോരായ്മ പരിഹരിക്കുന്നതിനായി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ സമയക്രമം അനുസരിച്ചുള്ള പദ്ധതിയൊരുക്കിയാല്‍ വിഴിഞ്ഞത്തിനും ലോകത്തോര നിലവാരത്തിലേക്ക് ഉയരാനാകുമെന്ന് എവിടി മക്കോര്‍മിക് മാനേജിംഗ് ഡയറക്ടര്‍ സുഷമ ശ്രീകണ്ഠത്ത് പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള ചരക്ക് നീക്കത്തിനായി കൃത്യമായ ട്രാന്‍സിറ്റ് പ്ളാന്‍ നടപ്പാക്കാനായാല്‍ വ്യവസായികള്‍ക്ക് ഗുണകരമായിരിക്കും. ഉറവിടത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ഉത്പന്നങ്ങളെത്തിക്കാന്‍ കൃത്യമായ റോഡ്, റെയില്‍ സംവിധാനങ്ങളുണ്ടാകണം. ഇതിനായി സര്‍ക്കാരും വ്യവസായികളും പൊതുജനങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം. എങ്കിലേ ലാഭകരമായി സപ്ളൈ ചെയിന്‍ നിലനിറുത്താനാകൂ. പ്രാദേശിക സംരംഭങ്ങളെ കയറ്റുമതിയുടെ പാതയിലേക്കെത്തിക്കാനും ലോകവിപണിയില്‍ ഇടം നേടിക്കൊടുക്കാനും വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും സുഷമ പറഞ്ഞു.
വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനായി കണ്ടെയ്നര്‍ റെയില്‍ കണക്ടിറ്റിവിറ്റി ആവശ്യമാണെന്നും 2029ല്‍ തുറമുഖ റെയില്‍ ടണല്‍ യാഥാര്‍ത്ഥ്യമാകുമെന്നും വിസില്‍ സിഇഒ ശ്രീകുമാര്‍ കെ നായര്‍ പറഞ്ഞു. ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു അദ്ദേഹം. ആദിത്യ ബിര്‍ള ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് ബി, സിന്തൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine