

കേരളത്തിന്റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് വിഭാഗത്തിന്റെ അന്തിമ അനുമതി. ഇത് സംബന്ധിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ ഡോ. ടി ടിജു വിജ്ഞാപനമിറക്കി. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍നിന്ന് സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
വിഴിഞ്ഞം തുറമുഖം ഇതുവരെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ കയറ്റുമതി-ഇറക്കുമതി ചരക്കുകളും കൈകാര്യം ചെയ്യാം. എക്സിം ചരക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിഐഎസ്എല്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇമിഗ്രേഷന്‍ വകുപ്പ്, കോസ്റ്റല്‍ പൊലീസ്, അംഗീകൃത ബാങ്കുകള്‍, തുറമുഖ സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും.
കയറ്റുമതി, ഇറക്കുമതി പരിശോധനകള്‍ക്കായി കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍), അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎല്‍), പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, കോസ്റ്റല്‍ പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
നിലവില്‍ തുറമുഖത്തോട് ചേര്‍ന്ന് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഇല്ല. അതിനാല്‍ കര്‍ശന വ്യവസ്ഥകളോടെയാകും കരമാര്‍ഗമുള്ള ചരക്ക് നീക്കം. ചരക്കുകള്‍ ശേഖരിക്കാനും തരംതിരിക്കാനും കസ്റ്റംസ് പരിശോധനള്‍ നടത്താനുമുള്ള വെയര്‍ഹൗസ് സംവിധാനമാണ് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍. പൂര്‍ണമായും സാധനങ്ങള്‍ നിറച്ച് കസ്റ്റംസ് പരിശോധന നടത്തി സീല്‍ ചെയ്ത കണ്ടെയ്‌നറുകള്‍ക്ക് മാത്രമാകും പ്രവേശനം. ചരക്കിറക്കി 48 മണിക്കൂറിനുള്ളില്‍ തുറമുഖത്തുനിന്ന് മാറ്റണം.
പകുതി നിറച്ചതോ അഴിച്ചുമാറ്റി പരിശോധിക്കേണ്ടതോ ആയ ചരക്കുകള്‍ അനുവദിക്കില്ല. പോര്‍ട്ട് യാര്‍ഡില്‍ വച്ച് സാധനങ്ങള്‍ നിറയ്ക്കാന്‍ അനുമതിയില്ല. വിഴിഞ്ഞത്തുനിന്നും മറ്റ് അംഗീകൃത കസ്റ്റംസ് സ്റ്റേഷനുകളിലേക്കും തിരിച്ചും റോഡ് മാര്‍ഗം ചരക്കുനീക്കാനാകും. കസ്റ്റംസ് പരിധിക്കുള്ളില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും ചരക്കുകളും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും.
അടുത്തമാസം 18ന് മിഷന്‍ സമുദ്ര ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകര്‍ ഉള്‍പ്പടെ പങ്കെടുക്കും. വിഴിഞ്ഞം പ്രവര്‍ത്തനം തുടങ്ങിയിട്ട് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു കണ്ടൈനര്‍ കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മരീടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം കൈവരിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine