കേന്ദ്രം കാലുവാരി, വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പ്രതിസന്ധി; ₹12,000 കോടി വരെ കേരളം തിരിച്ചടക്കേണ്ടി വരും

ഒന്നാം ഘട്ടത്തിന്റെ കമ്മിഷനിംഗിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ പ്രതിസന്ധി. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗുമായി ബന്ധപ്പെട്ട തിരിച്ചടവില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 817.8 കോടി രൂപ വായ്പയായി പരിഗണിച്ച് കേരളം തിരിച്ചടക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. പലിശയടക്കം ഈ തുക തിരിച്ചടക്കാന്‍ 10,000 മുതല്‍ 12,000 കോടി രൂപ വരെ അധിക ചെലവാകുമെന്നാണ് കണക്കാക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ കരാര്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് 1635 കോടി രൂപ നല്‍കണം. ഇതനുസരിച്ച് ഇരു സര്‍ക്കാരുകളും 817.8 കോടി രൂപ വീതം നല്‍കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിഹിതം വായ്പയാണെന്നും ഇത് തിരിച്ചടക്കണമെന്നും കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന് കത്ത് ലഭിച്ചത്. നെറ്റ് പ്രസന്റ് വാല്യൂ (എന്‍.പി.വി) എന്ന രീതിയിലാണ് പണം തിരിച്ചടക്കേണ്ടത്. തിരിച്ചടവ് കാലാവധിയും പലിശയും പരിഗണിച്ചാല്‍ ഏതാണ്ട് 12,000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നടപടിയാണിത്. ഇക്കാര്യം സ്ഥിരീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ എം.ഡി ദിവ്യ എസ് അയ്യര്‍ വിഷയത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുകയാണന്നും കൂട്ടിച്ചേര്‍ത്തു.

നിര്‍മലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി

അതിനിടെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തൂത്തുക്കുടി തുറമുഖത്തിന് നല്‍കിയ പരിഗണന വിഴിഞ്ഞത്തിനും നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. കത്തിലെ പ്രസക്ത ഭാഗങ്ങള്‍: രാജ്യത്ത് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിനായി (വി.ജി.എഫ്) തിരഞ്ഞെടുത്ത ആദ്യ തുറമുഖമാണ് വിഴിഞ്ഞം. സാധാരണ വി.ജി.എഫ് നല്‍കുന്നത് ഗ്രാന്റായാണ്, വായ്പയായല്ല. ഈ തുക തിരിച്ചടക്കേണ്ടതുമല്ല. ഇതനുസരിച്ചാണ് കണ്‍സഷനര്‍ക്ക് ഇരുസര്‍ക്കാരുകളും ഗ്രാന്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ച തുക വായ്പയായി പരിഗണിക്കണമെന്നാണ് ഇപ്പോഴത്തെ നിലപാട്. ഇത് വി.ജി.എഫിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്.
വിഴിഞ്ഞം പദ്ധതി വിഹിതമായ 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയുള്ള കേരളം പോലൊരു ചെറിയ സംസ്ഥാനം ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഈ തുക കണ്ടെത്തുന്നത്. തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുകയില്‍ 60 പൈസയും കേന്ദ്രത്തിലേക്കാണ് പോകുന്നത്. 3 പൈസ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. നികുതിയിനത്തില്‍ മാത്രം കേന്ദ്രത്തിന് 6,000 കോടി രൂപ അധിക വരുമാനം ലഭിക്കും. തൂത്തുക്കുടി തുറമുഖ നിര്‍മാണത്തന് കേന്ദ്രം അനുവദിച്ച വി.ജി.എഫ് തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതേ പരിഗണന കേരളത്തിനും നല്‍കണം. തീരുമാനം നടപ്പിലാക്കിയാല്‍ സംസ്ഥാന ഖജനാവിന് 10,000 മുതല്‍ 12,000 കോടി രൂപ വരെ നഷ്ടം സംഭവിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

കേന്ദ്രം പകപോക്കല്‍ തുടരുന്നു: മന്ത്രി വി.എന്‍ വാസവന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ പലമടങ്ങായി തിരിച്ചടക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ആരോപിച്ചു. വിഴിഞ്ഞത്തിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പകപോക്കല്‍ തുടരുകയാണ്. കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ ഇരുപതു ശതമാനം വെച്ച് കേന്ദ്രത്തിന് സംസ്ഥാനം നല്‍കണം എന്നതാണ് വ്യവസ്ഥ. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിനുള്ള വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണമെന്നത് വിചിത്രമായ നിബന്ധനയാണെന്നും മന്ത്രി ആരോപിച്ചു.
Related Articles
Next Story
Videos
Share it