

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കം വിവാദമായതോടെ മലക്കംമറിഞ്ഞ് അദാനി ഗ്രൂപ്പ്. ഓഹരി വില്ക്കാനുള്ള അന്തിമതീരുമാനം എടുത്തില്ലെന്നും ഇതിനായുള്ള പ്രാഥമിക പ്രക്രിയയ്ക്ക് തുടക്കമിടുക മാത്രമാണ് ചെയ്തതെന്നും അദാനി പോര്‍ട്‌സ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാരിന് പുതിയ കത്തും നല്കി.
സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടുകയുള്ളൂവെന്നും ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി ഇടപാട് നടക്കുകയുള്ളൂവെന്ന് അദാനി പോര്‍ട്സ് സിഇഒ അശ്വനി ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു.
അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികള്‍ കൈമാറാനുള്ള പ്രക്രിയയുടെ തുടക്കം മാത്രമായാണ് എംഎസ്സിയുമായി ബൈന്‍ഡിംഗ് കരാര്‍ ഒപ്പിടുന്നത്. ഓഹരി ഇടപാടിന് ശേഷവും തുറമുഖത്തിന്റെ നിയന്ത്രണം അദാനിക്ക് തന്നെയാണെന്നും അശ്വനി ഗുപ്ത പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിനു മുകളില്‍ ഓഹരി വില്‍ക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. ഇത് ലംഘിച്ചതിനെതിരേ കടുത്ത വിമര്‍ശനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഓഹരി കൈമാറ്റത്തിന് അനുമതി തേടി സര്‍ക്കാരിന് അദാനി പുതിയ അപേക്ഷ നല്‍കിയത്.
ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഓഹരി കൈമാറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടും നിര്‍ണായകമാണ്.
വിഴിഞ്ഞത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര വിദേശ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി കൂടി ലഭിക്കണം. ഇവിടെ സൈനികകേന്ദ്രം സ്ഥാപിക്കാന്‍ കര, നാവിക, വ്യോമ സേനകളും കോസ്റ്റ്ഗാര്‍ഡും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സേനകള്‍ കേന്ദ്രത്തിന് കത്തും നല്കിയിട്ടുണ്ട്.
വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബ് ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദീര്‍ഘകാല പദ്ധതികള്‍ കേന്ദ്രത്തിന്റെ മുന്നിലുള്ളതിനാല്‍ വിദേശ കമ്പനിക്ക് ഓഹരി കൈമാറാനുള്ള നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
Read DhanamOnline in English
Subscribe to Dhanam Magazine