

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഡിസംബര്‍ 4,5 തീയതികളില്‍ ഇന്ത്യയിലെത്തും. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പ്രാദേശിക-ആഗോള വിഷയങ്ങള്‍ വിലയിരുത്താനുമുള്ള മികച്ച അവസരമായിരിക്കും സന്ദര്‍ശനമെന്നും പ്രസ്താവനയില്‍ പറയുന്നു. 2021ലാണ് അവസാനമായി പുടിന്‍ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്ന ഇന്ത്യ-റഷ്യന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.
അടുത്തിടെ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തില്‍ റഷ്യന്‍ നിര്‍മിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ അഞ്ച് സ്‌ക്വാഡ്രണ്‍ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള ചര്‍ച്ചകള്‍ പുടിനുമായി നടക്കുമെന്നാണ് വിവരം. നിലവിലുള്ള മിസൈല്‍ സംവിധാനത്തിന് വേണ്ടി കൂടുതല്‍ സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ വാങ്ങാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.
അതേസമയം, യു.എസ് നിര്‍മിത എഫ് 35 യുദ്ധവിമാനത്തിന് പകരമായി റഷ്യയുടെ അഞ്ചാം തലമുറ സുഖോയ് 57 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. സുഖോയ് 57 വിമാനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവസരവും ഒരുക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ നടത്തുന്ന ഇന്ത്യക്ക് ഇത് ഗുണകരമാകുമെന്നാണ് റഷ്യയുടെ നിലപാട്. സുഖോയ് 57 വിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകള്‍ വാങ്ങാനുള്ള ആലോചന ഇന്ത്യന്‍ പ്രതിരോധ വകുപ്പിനുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2022ല്‍ ആരംഭിച്ച യുക്രെയിന്‍-റഷ്യ യുദ്ധത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ചകളും മോദിയും പുടിനും നടത്തുമെന്നാണ് വിവരം. സംഘര്‍ഷത്തിന് രമ്യമായ പരിഹാരം കാണാനുള്ള വഴികള്‍ തേടണമെന്നാണ് ഇന്ത്യയുടെ നിലപാട്. അടുത്തിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി ആന്ദ്രീ സൈബിഹയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. യുക്രെയിന്‍ സംഘര്‍ഷത്തിന് പിന്നാലെ റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധം നിലനില്‍ക്കുമ്പോഴും റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് യു.എസുമായുള്ള നയതന്ത്ര തര്‍ക്കത്തിനും കാരണമായിരുന്നു. ഇന്ത്യക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്താനുള്ള കാരണമായി യു.എസ് പറഞ്ഞത് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine