130 ജി.ബി സൗജന്യ ഡേറ്റ, ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ വീ.ഐ ഗ്യാരണ്ടി പ്രോഗ്രാം

ഉപയോക്താക്കള്‍ വന്‍തോതില്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് കൊഴിഞ്ഞു പോകുന്നതിനിടെ പുതിയ ഡേറ്റ പ്ലാന്‍ പ്രഖ്യാപിച്ച് വോഡാഫോണ്‍ ഐഡിയ. വീ.ഐ ഗ്യാരണ്ടി പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതി അനുസരിച്ച് ഉപയോക്താക്കള്‍ക്ക് 130 ജി.ബി ഡേറ്റ ഒരുവര്‍ഷത്തേക്ക് ലഭിക്കും.

ലക്ഷ്യം കൂടുതല്‍ ഉപയോക്താക്കള്‍

5ജി, 4ജി പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചത്. ഓരോ 28 ദിവസം കൂടുമ്പോഴും 10 ജി.ബി വീതം അക്കൗണ്ടിലേക്ക് ലഭ്യമാക്കുമെന്ന് വോഡാഫോണ്‍ ഐഡിയ അറിയിച്ചു. തുടര്‍ച്ചയായി 13 തവണ ഇത്തരത്തില്‍ അധികഡേറ്റ ലഭിക്കും.

239 രൂപയ്ക്ക് മുകളിലുള്ള അംഗീകൃത ഡേറ്റ പ്ലാന്‍ ഉള്ളവര്‍ക്കേ ഈ പദ്ധതി ലഭിക്കുകയുള്ളൂ. കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, അസം, ഒഡീഷ സംസ്ഥാനങ്ങളില്‍ പദ്ധതി ലഭ്യമല്ല. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ ആക്ടീവാക്കാന്‍ 121199 എന്ന നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ *199*199# ചെയ്യുക.

ഉപയോക്താക്കള്‍ മറ്റ് സേവനദാതാക്കളിലേക്ക് പോകുന്നതിനൊപ്പം കമ്പനിയുടെ നഷ്ടവും വര്‍ധിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,666 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 6,424 കോടി രൂപയായിരുന്നു.

ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 146 രൂപയിലേക്ക് ഉയര്‍ന്നത് മാത്രമാണ് വോഡാഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം പകരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 7.6 ശതമാനത്തിന്റേതാണ് വര്‍ധന. വോഡാഫോണ്‍ ഐഡിയ കഴിഞ്ഞ മാസം ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്.പി.ഒ) 18,000 കോടി രൂപ സമാഹരിച്ചിരുന്നു.

Related Articles

Next Story

Videos

Share it