നിക്ഷേപ ഓഫറിന് പിന്നാലെ സുപ്രീം കോടതിയിലും ആശ്വാസം; വി.ഐ ഓഹരികള്‍ ഉയര്‍ന്നത് 14 ശതമാനം

എ.ജി.ആര്‍ കുടിശിക ഇനത്തില്‍ 83,400 കോടി രൂപ വി.ഐ കേന്ദ്രസര്‍ക്കാരിന് അടക്കേണ്ടതുണ്ട്
Vodafone Idea, Vi
Image : myvi.in/vodafone-idea and Canvacanva
Published on

വോഡഫോണ്‍ ഐഡിയയുടെ അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കുടിശികയില്‍ പുനപരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കി സുപ്രീം കോടതി. 2016-17 വരെയുള്ള കുടിശികയിലാണ് വിശദമായ പരിശോധന നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ വി.ഐക്ക് ഏറെ ആശ്വാസം പകരുന്ന വിധിയാണിതെന്നാണ് വിലയിരുത്തല്‍. ഇതോടെ വിപണിയില്‍ വി.ഐ ഓഹരികള്‍ പിടിവിട്ട് കുതിച്ചു. 14 ശതമാനം വരെയാണ് ഓഹരി ഉയര്‍ന്നത്. ഒടുവില്‍ 9.74 ശതമാനം നേട്ടത്തില്‍ ഓഹരിയൊന്നിന് 9.74 രൂപയെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 2024 ഏപ്രിലിന് ശേഷം ഒരു ദിവസം വി.ഐ ഓഹരികള്‍ ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.

സ്‌പെക്ട്രം ഉപയോഗിച്ചതിനും ലൈസന്‍സ് ഫീസായും ടെലികോം കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന പ്രതിഫലമാണ് എ.ജി.ആര്‍. ഇത് കണക്കാക്കിയതില്‍ വലിയ പിഴവുണ്ടായെന്നും പല കണക്കുകളും ഇരട്ടിച്ചെന്നും കാട്ടിയാണ് വി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള എല്ലാ കണക്കുകളും പുനപരിശോധിക്കണമെന്നായിരുന്നു വി.ഐയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 27ന് സുപ്രീം കോടതി വിധി പറഞ്ഞെങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് വി.ഐ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

2017 സാമ്പത്തിക വര്‍ഷം വരെയുള്ള മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സുപ്രീം കോടതി അനുകൂലമായി വിധിക്കുകയായിരുന്നു. 9,450 കോടി രൂപ അധികമായി അടക്കണമെന്ന ആവശ്യത്തിലും പുനപരിശോധന നടത്തും. എ.ജി.ആര്‍ കുടിശിക ഇനത്തില്‍ 83,400 കോടി രൂപ വി.ഐ കേന്ദ്രസര്‍ക്കാരിന് അടക്കേണ്ടതുണ്ട്.പലിശയും പിഴയും കണക്കാക്കിയാല്‍ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള ബാധ്യത രണ്ട് ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിക്ഷേപക ഓഫറില്‍ വിശദീകരണം

വി.ഐയുടെ സാമ്പത്തിക ബാധ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ വിട്ടുവീഴ്ച നടത്തിയാല്‍ 50,000 കോടിയോളം രൂപ മുടക്കി വി.ഐയെ ഏറ്റെടുക്കുമെന്ന് യു.എസ് നിക്ഷേപക സ്ഥാപനമായ ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വോഡഫോണ്‍ ഐഡിയയോട് വിപണി നിയന്ത്രകരായ സെബി വിശദീകരണവും തേടിയിരുന്നു. എന്നാല്‍ സെബിയെ അറിയിക്കേണ്ട തരത്തിലുള്ള പ്രൊപ്പോസലുകളൊന്നും നിലവില്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു വി.ഐയുടെ മറുപടി. എന്നാല്‍ ഫണ്ട് കണ്ടെത്തുന്നതിന് സാധ്യമായ ആലോചനകള്‍ നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Supreme Court directs reassessment of Vodafone Idea’s AGR dues up to FY17, sparking investor optimism and a sharp stock rally.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com