

ഇന്ത്യയില്‍ സംയുക്ത സംരംഭം ആരംഭിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും സജ്ജന്‍ ജിന്‍ഡാലിന്റെ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പും ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് റിപ്പോര്‍ട്ട്. മഹീന്ദ്ര ഗ്രൂപ്പുമായി സഹകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ നീക്കം. ഇരു കമ്പനികളും കുറച്ച് ആഴ്ചകളായി ഇതുസംബന്ധിച്ച ചര്‍ച്ചകളിലാണെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഔഡി, പോര്‍ഷ്, ബെന്റ്‌ലി തുടങ്ങിയ ബ്രാന്‍ഡുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് ഇന്ത്യയിലുള്ളത്. ചൈനീസ് കമ്പനികളായ എം.ജി മോട്ടോര്‍സ്, സയ്ക് മോട്ടോര്‍ (SAIC Motor) തുടങ്ങിയവരുമായി ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന് ഇതിനോടകം ബന്ധമുണ്ട്. ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യയില്‍ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന് 35 ശതമാനവും സയ്കിന് 49 ശതമാനവും എവര്‍സ്റ്റോണ്‍ പോലുള്ള നിക്ഷേപകര്‍ക്ക് 16 ശതമാനവും ഓഹരി വിഹിതമാണുള്ളത്. ഇവരുടെയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെയും സാങ്കേതിക സഹായത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പ് കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.
യൂറോപ്പ് കഴിഞ്ഞാല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയില്‍ രണ്ട് പതിറ്റാണ്ടിന്റെ സാന്നിധ്യമുണ്ടെങ്കിലും വമ്പന്‍ നേട്ടമുണ്ടാക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന വിലയും ജാപ്പനീസ്, കൊറിയന്‍, ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യവുമാണ് ഫോക്‌സ്‌വാഗണിന് തിരിച്ചടിയാകുന്നത്. സയ്ക് മോട്ടോറും ഫോക്‌സ്‌വാഗണും ചൈനയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ പരിചയവും ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബന്ധങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഇ.വി ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും ചൈനീസ് കമ്പനിയായ സയ്ക്കും ഏറെ മുന്നിലാണ്. ഉത്പാദനത്തില്‍ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന് ഇന്ത്യയില്‍ നിറസാന്നിധ്യമുണ്ട്. ഒഡിഷയിലെ കട്ടക്കില്‍ 40,000 കോടി രൂപ ചെലവിട്ട് ഇ.വി, ബാറ്ററി നിര്‍മാണ കേന്ദ്രം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ജെ.എസ്.ഡബ്ല്യൂ. കൂടാതെ മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറില്‍ 630 ഏക്കറില്‍ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് ഹബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ സ്വന്തം ബ്രാന്‍ഡില്‍ ഇ.വി മോഡലുകള്‍ ഇറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പക്ഷേ ഫോക്‌സ്‌വാഗണുമായി ചേര്‍ന്ന് ഇന്തോ-ജര്‍മന്‍ ഇ.വി ബ്രാന്‍ഡ് വരുമോ എന്നാണ് ഇപ്പോള്‍ വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.
2024ല്‍ മഹീന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യത ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പരിശോധിച്ചെങ്കിലും നടന്നിരുന്നില്ല. സാങ്കേതിക വിദ്യ പങ്കുവെക്കുന്നതിലും ഉത്പാദനത്തിലും ഇരുഗ്രൂപ്പുകള്‍ക്കും ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് തടസമായത്. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine