Begin typing your search above and press return to search.
മസില്‍ പെരുക്കി ഫോക്സ് വാഗണ്‍ പോളോ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു! ഇത്തവണ ഒരല്‍പ്പം ട്വിസ്റ്റുണ്ട്
വാഹനപ്രേമികളുടെ ഇഷ്ട വാഹനങ്ങളിലൊന്നായ ഫോക്‌സ് വാഗണ്‍ പോളോ ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12 വര്‍ഷം ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച ശേഷം 2022ലാണ് പോളോ ഇന്ത്യ വിട്ടത്. തുടര്‍ന്ന് പല സന്ദര്‍ഭങ്ങളിലും ഇന്ത്യയിലേക്ക് പോളോ ബ്രാന്‍ഡിനെ തിരിച്ചു കൊണ്ടുവരുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ സബ് 4 മീറ്റര്‍ എസ്.യു.വി ശ്രേണിയില്‍ സ്‌കോഡ കൈലാഖിന്റെ പ്ലാറ്റ്‌ഫോമില്‍ പോളോ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2026ലായിരിക്കും വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുക. എന്നാല്‍ ഈ മോഡലിന് പോളോ ബ്രാന്‍ഡിംഗ് നല്‍കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
സ്‌കോഡ കുഷാക്ക്, സ്ലാവിയ, കൈലാഖ് എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്ന എം.ക്യൂ.ബി-എ0-ഐ.എന്‍ എന്ന പ്ലാറ്റ്‌ഫോമിലാകും പുതിയ പോളോയുടെ വരവെന്ന് ഓട്ടോമൊബൈല്‍ വെബ്‌സൈറ്റായ റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്‌സ് വാഗന്റെ പുത്തന്‍ ഡിസൈനായിരിക്കും വാഹനത്തിന് നല്‍കുക. ആദ്യഘട്ടത്തില്‍ ബ്രസീലിലാകും വാഹനം അവതരിപ്പിക്കുക. പ്രോജക്ട് വി.ഡബ്ല്യൂ 246 എന്ന് പേരില്‍ വാഹനത്തിന്റെ ടീസറും കമ്പനി പുറത്തുവിട്ടു. പുതിയ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ഗ്രില്ല്, ബംപര്‍, ടെയില്‍ഗേറ്റ് എന്നിവ വാഹനത്തിന് കിടിലന്‍ ലുക്കും നല്‍കുന്നുണ്ട്. ഇന്റീരിയറിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഫോക്‌സ് വാഗണ്‍ ടൈഗൂണിന്റെ അനിയനാണെന്ന് തോന്നുന്ന രീതിയിലാണ് ഡിസൈന്‍. 1.0 ലിറ്റര്‍ ടി.എസ്.ഐ എഞ്ചിനാകും വാഹനത്തിലുണ്ടാവുക. ടര്‍ബോ ചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 109 ബി.എച്ച്.പി കരുത്തും 175 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
എസ്.യു.വി വിപണിയില്‍ ലേറ്റായോ
അതേസമയം, ഇതിനോടകം പന്ത്രണ്ടോളം മോഡലുകള്‍ കളം വാഴുന്ന ഇന്ത്യന്‍ എസ്.യു.വി വിപണിയിലേക്ക് പോളോ എസ്.യു.വിയുടെ വരവ് അല്‍പ്പം വൈകിയാണോയെന്ന ചോദ്യവും വാഹനലോകത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 4 മീറ്ററില്‍ താഴെ നീളമുള്ള എസ്.യു.വികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രവചനങ്ങളിലാണ് കമ്പനിയുടെ പ്രതീക്ഷ.
Next Story
Videos