വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍, വിലാപയാത്ര ആലപ്പുഴയിലേക്ക്, സംസ്‌കാരം നാളെ

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തോട് വിട പറയുകയാണ് വി.എസ്. അച്യുതാനന്ദന്‍
Chief minister Pinarayi Vijayan pays last respects to former chief minister V S Achuthanandan, who passed away.
അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു PRD
Published on

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.. ഇന്നലെ എ.കെ.ജി പഠന കേന്ദ്രത്തിലും ഇന്ന് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. സാധാരണക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ, സാംസ്‌ക്കാരിക, വ്യവസായ മേഖലകളിലെ നിരവധി പ്രമുഖരും വി.എസിനെ അവസാനമായി കാണാനെത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.20നാണ് അന്തരിച്ചത്.

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക്. പല കേന്ദ്രങ്ങളിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെ ആലപ്പുഴയിലെത്തുന്ന വി.എസിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച്ച സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനത്തിന് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌ക്കരിക്കും. വി.എസിനോടുള്ള ആദരസൂചകമായി ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ബസില്‍ അവസാന യാത്ര

വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസിലാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. സാധാരണ കെ.എസ്.ആര്‍..ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ.സി. ലോ ഫ്ലോര്‍ ബസാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ബസില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും മകന്‍ അരുണ്‍കുമാര്‍ എന്നിവരും അനുഗമിക്കും.

പ്രമുഖരെത്തി

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വ്യവസായി എം.എ യൂസഫലി തുടങ്ങിയ പ്രമുഖര്‍ വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. നിഷ്‌ക്കളങ്കനായ നേതാവായിരുന്നു വി.എസെന്നും സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീഷണം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും യൂസഫലി പ്രതികരിച്ചു.

Thousands queued to pay homage to V S Achuthanandan. The funeral is on Wednesday, 23 July 2025. Alappuzha will observe a holiday tomorrow.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com