അണഞ്ഞു, സമരാഗ്നി; വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജൂണ്‍ 23ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അണഞ്ഞു, സമരാഗ്നി; വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു
Published on

സ്വന്തം പേര് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പര്യായമാക്കി മാറ്റിയ വി.എസ് അച്യുതാനന്ദന്‍ വിടവാങ്ങി. സമര നായകനായും ഭരണനായകനായും കേരളത്തെ പതിറ്റാണ്ടുകള്‍ സ്വാധീനിച്ച തൊഴിലാളി നേതാവ് ഇനി ജ്വലിക്കുന്ന ഓര്‍മ.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജൂണ്‍ 23ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഓരോ ദിവസവും നില മോശമായി വരുകയായിരുന്നു. ഇന്ന് വൈകിട്ട് 3.20നാണ് അന്ത്യം.

സംസ്‌ക്കാരം മറ്റന്നാള്‍

സി.പി.എമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവിനെയാണ് നഷ്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ എ.കെ.ജി പഠന കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ 9 മുതല്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ ദേശീയ പാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. മറ്റന്നാള്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് അവസരം നല്‍കും. ഉച്ചക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ 1923 ഒക്ടോബറില്‍ ആലപ്പുഴയിലാണ് ജനിച്ചത്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നയിച്ച വി.എസ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും അവിടെ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും എത്തി. 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. അതിന്റെ പേരില്‍ ജയില്‍വാസവും പൊലീസ് മര്‍ദ്ദനവും അനുഭവിക്കേണ്ടി വന്നു. 1964ല്‍ സി.പി.എമ്മിന്റെ പിറവിയിലേക്ക് നയിച്ച സി.പി.ഐയിലെ ഇറങ്ങിപ്പോക്കിലും വി.എസിന്റെ സാന്നിധ്യമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്റര്‍, നിയമസഭാംഗം, പ്രതിപക്ഷ നേതാവ് എന്നീ ചുമതലകള്‍ വഹിച്ചു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന പദവി നല്‍കി. പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെക്കാലമായി സന്ദര്‍ശകരെ അനുവദിക്കാറില്ലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com