ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിന് ഇതും കാരണം, ഏറ്റവും കൂടുതല്‍ കൂലി കേരളത്തില്‍, കുറവ് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസക്കൂലി ലഭിക്കുന്നത് കേരളത്തില്‍. 807 രൂപയാണ് ഗ്രാമങ്ങളില്‍ പുരുഷ കര്‍ഷകത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ശരാശരി ലഭിക്കുന്ന കൂലി. ഗ്രാമങ്ങളില്‍ നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസക്കൂലി 893 രൂപയാണ്.
ആര്‍.ബി.ഐ യുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജമ്മു-കശ്മീരും തമിഴ്നാടുമാണ് തൊട്ടുപിന്നിലുളളത്. ജമ്മു കശ്മീരില്‍ പുരുഷ കര്‍ഷകത്തൊഴിലാളികള്‍ക്ക് 566 രൂപയും തമിഴ്നാട്ടില്‍ 540 രൂപയുമാണ് ദിവസക്കൂലിയായി ലഭിക്കുന്നത്. നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ജമ്മു കശ്മീരില്‍ 552 രൂപയും തമിഴ്നാട്ടില്‍ 539 രൂപയും ലഭിക്കുന്നു.

സംസ്ഥാനത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരും

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മധ്യപ്രദേശില്‍ ദിവസക്കൂലിയായി ലഭിക്കുന്നത് ശരാശരി 242 രൂപയാണ് കിട്ടുന്നത്.
ഗുജറാത്തില്‍ 256 രൂപയും ഉത്തര്‍പ്രദേശില്‍ 334 രൂപയും ത്രിപുരയില്‍ 337 രൂപയുമാണ് കൂലിയായി ലഭിക്കുന്നത്. നിര്‍മാണമേഖലയില്‍ മധ്യപ്രദേശില്‍ 292 രൂപയും ത്രിപുരയില്‍ 322 രൂപയും ഗുജറാത്തില്‍ 344 രൂപയുമാണ് കൂലിയായി നല്‍കുന്നത്.
കേരളത്തില്‍ ഏകദേശം 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അസം, ബംഗാള്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് വരുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന വേതനമാണ് പ്രധാനമായും ഈ തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നത്.
Related Articles
Next Story
Videos
Share it