വാള്‍മാര്‍ട്ട് 'ചില്ലറ'ക്കാരനല്ല, വിപണി മൂല്യം 90 ലക്ഷം കോടി; ആരൊക്കെയാണ് കൂട്ടുകാര്‍?

ഒരു ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് മൂല്യത്തിലെത്തി വാള്‍മാര്‍ട്ട്; പരമ്പരാഗത റീട്ടെയിലില്‍ ആദ്യ നേട്ടം
വാള്‍മാര്‍ട്ട് 'ചില്ലറ'ക്കാരനല്ല, വിപണി മൂല്യം 90 ലക്ഷം കോടി; ആരൊക്കെയാണ് കൂട്ടുകാര്‍?
Published on

ടെക് ഭീമന്മാര്‍ മാത്രമുള്ള ആഗോള ക്ലബിലേക്ക് റീട്ടെയില്‍ രംഗത്തെ അതികായന്‍ വാള്‍മാര്‍ട്ട്. വിവിധ രാജ്യങ്ങളിലായി പന്തലിച്ചു നില്‍ക്കുന്ന വാള്‍മാര്‍ട്ടിന്റെ വിപണി മൂല്യം ഇപ്പോള്‍ ഒരു ട്രില്യണ്‍ ഡോളര്‍ അഥവാ, 90 ലക്ഷം കോടി രൂപ.

ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബറ്റ്, ആമസോണ്‍, എന്‍വിഡിയ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ നിരയിലാണ് വാള്‍മാര്‍ട്ട് ഇടം പിടിച്ചത്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വന്‍തോതിലുള്ള റീട്ടെയില്‍ ബിസിനസുകളുടെ ഭാവിയെക്കുറിച്ച നിക്ഷേപക സമീപനത്തില്‍ സംഭവിച്ച മാറ്റത്തിന്റെ പ്രതിഫലനമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

സ്‌റ്റോറുകള്‍ 10,000ല്‍പരം

1962ല്‍ സാം വാള്‍ട്ടണ്‍ സ്ഥാപിച്ച വാള്‍മാര്‍ട്ട്, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ എന്ന സ്ഥാനമാണ് ദീര്‍ഘകാലമായി നിലനിര്‍ത്തുന്നത്. 19 രാജ്യങ്ങളിലായി 10,000ത്തിലധികം സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. വന്‍തോതിലുള്ള സ്റ്റോര്‍ ശൃംഖല ആയിരുന്നു വാള്‍മാര്‍ട്ടിന്റെ പാരമ്പര്യ ബിസിനസ് അടിത്തറ.

സമീപ വര്‍ഷങ്ങളില്‍ ഇ-കൊമേഴ്‌സ്, സപ്ലൈ ചെയിന്‍ ഓട്ടോമേഷന്‍, ഡാറ്റ അനാലിറ്റിക്‌സ്, റീട്ടെയില്‍ മീഡിയ എന്നീ മേഖലകളിലേക്കുള്ള ശക്തമായ നിക്ഷേപങ്ങളാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് പുതുഊര്‍ജം നല്‍കിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലേസ്, അതിവേഗ ഡെലിവറി സംവിധാനം, പരസ്യ ബിസിനസ് തുടങ്ങിയവ പുതിയ വരുമാന സ്രോതസ്സുകളായി മാറി.

സിലിക്കണ്‍ വാലിക്ക് പുറത്തേക്ക്

അമേരിക്കന്‍ വിപണിയിലെ സ്ഥിരതയുള്ള പ്രകടനവും, അവശ്യ ഉപഭോക്തൃ ഉല്‍പ്പന്ന ആവശ്യം, പരസ്യം, ഉയര്‍ന്ന മൂല്യമുള്ള സേവനങ്ങളിലൂടെ മെച്ചപ്പെട്ട ലാഭക്ഷമത കൈവരിക്കാനായത് എന്നിവയെല്ലാം ഈ മൂല്യവര്‍ധനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.

ടെക് കമ്പനികള്‍ ഇപ്പോഴും ആഗോള വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും, വാള്‍മാര്‍ട്ടിന്റെ ട്രില്യണ്‍ നേട്ടം സിലിക്കണ്‍ വാലിക്ക് പുറത്തും ഇത്തരമൊരു മൂല്യം സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ ശക്തമായ സൂചനയായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com