എന്‍എഫ്ടിയിലേക്ക് ചുവടുവെക്കണോ? ആര്‍ട്ടിസ്റ്റുകളുമായി നേരിട്ട് സംവദിച്ച് മനസിലാക്കാന്‍ സൗജന്യമായി ഒരവസരം

കുട്ടികള്‍ വരെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന എന്‍എഫ്ടി (നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) ലോകത്തേക്ക് ചുവടുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതേപ്പറ്റി മനസിലാക്കാനും ഈ രംഗത്ത് തിളങ്ങിനില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളുമായി സംവദിക്കാനും അവസരമൊരുക്കി കൊച്ചിയില്‍ എന്‍എഫ്ടി (NFT) എക്‌സിബിഷന്‍. ജൂണ്‍ 24ന് കൊച്ചി കഫേ പപ്പായയില്‍ ആരംഭിച്ച '101 ഇന്ത്യാ എന്‍എഫ്ടി ക്രിയേറ്റേഴ്‌സ് പ്രോജക്ട്' ജൂലൈ 6ന് സമാപിക്കും. സൗജന്യമായാണ് എക്‌സിബിഷനിലേക്കുള്ള പ്രവേശനം.

വെബ് 3, എന്‍എഫ്ടികളുടെ വളര്‍ച്ചാ സാധ്യതകളിലേക്കു വെളിച്ചംവീശുന്ന വിവിധ പരിപാടികളും പ്രോജക്ടിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്. രാജ്യത്തെ മികച്ച ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകളെയാണ് കൊച്ചിയിലെ പ്രോജക്ടില്‍ അണിനിരത്തിയിരിക്കുന്നതെന്ന് ആര്‍ടിസ്റ്റും പ്രോജക്ടിന്റെ ക്യുറേറ്ററുമായ വിമല്‍ ചന്ദ്രന്‍ പറഞ്ഞു.എന്‍എഫ്ടി നിക്ഷേപത്തിന്റെ വിശാല ലോകം കേരളത്തിലെ കലാകാരന്മാര്‍ക്കും നിക്ഷേപകര്‍ക്കും പരിചയപ്പെടുത്തുകയാണ് ഷോയുടെ ലക്ഷ്യമെന്ന് എന്‍എഫ്ടി ആര്‍ട്ടിസ്റ്റും കഫേ പപ്പായ സഹസ്ഥാപകനുമായ അജയ് മേനോന്‍ പറഞ്ഞു. എന്‍എഫ്ടി രംഗത്ത് ശ്രദ്ധേയരായ മലയാളികള്‍ അടക്കം 14 പേരുടെ ആര്‍ട്ടുകളാണ് ശബ്ദമടക്കം കേള്‍പ്പിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നത്. മിന്റ് ചെയ്ത എന്‍എഫ്ടികള്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എക്‌സ്‌ചേഞ്ചുകളില്‍ കാണാനും അവസരമൊരുക്കിയിട്ടുണ്ട്. റെഷിദേ ആര്‍കെ, വിമല്‍ ചന്ദ്രന്‍, റിമ കല്ലിങ്കല്‍, പ്രസാദ് ഭട്ട്, അര്‍ച്ചന നായര്‍, സതീഷ് ആചാര്യ, സചിന്‍ സാംസണ്‍ തുടങ്ങിയവരുടെ ആര്‍ട്ടുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
സ്‌കേറ്ററായ ഫ്രാങ്കിയുടെ മെര്‍ക്കബ ബോര്‍ഡ്‌സിന്റെ ഫിജിറ്റല്‍ (ഫിസിക്കല്‍+ഡിജിറ്റല്‍) വില്‍പ്പനയും പ്രദര്‍ശനത്തിലുണ്ട്. ഫിസിക്കലായി സ്‌കേറ്റ് ബോര്‍ഡ് വാങ്ങുന്നവര്‍ക്ക് അതിന്റെ എന്‍എഫ്ടി കൂടി ലഭ്യമാക്കുന്നതാണ് ഇവയുടെ ഫിജിറ്റല്‍ വില്‍പ്പന.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it