
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റെക്കോഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ്. ബെർക്ക്‌ഷെയർ ഹാത്ത്‌വേയിലെ 600 കോടി ഡോളറിന്റെ ഓഹരികളാണ് വാറൻ ബഫറ്റ് സംഭാവന ചെയ്തത്. ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കുമാണ് സംഭാവന. വാറൻ ബഫറ്റ് നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് തന്റെ സമ്പത്ത് ദാനം ചെയ്യാൻ ബഫറ്റ് ആരംഭിച്ചത്.
വാറൻ ബഫറ്റിന്റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 6,000 കോടി ഡോളറിലധികം ആയി. ബെർക്ക്‌ഷെയർ ക്ലാസ് ബി ഓഹരികളില്‍ ഗേറ്റ്സ് ഫൗണ്ടേഷന് 94.3 ദശലക്ഷം ഓഹരികളും സൂസൻ തോംസൺ ബഫറ്റ് ഫൗണ്ടേഷന് 9,43,384 ഓഹരികളും മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്ക് 6,60,366 ഓഹരികളുമാണ് അദ്ദേഹം സംഭാവന ചെയ്തത്. ബെർക്ക്‌ഷെയറിന്റെ 13.8 ശതമാനം ഓഹരികൾ ഇപ്പോഴും വാറൻ ബഫറ്റിന്റെ കൈവശമുണ്ട്.
ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് സംഭാവനകൾക്ക് മുമ്പ് 15,200 കോടി ഡോളറാണ് വാറൻ ബഫറ്റിന്റെ ആസ്തി. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് 94 കാരനായ ബഫറ്റ്. കഴിഞ്ഞ ജൂണിൽ 530 കോടി ഡോളറും നവംബറിൽ 114 കോടി ഡോളറും അദ്ദേഹം സംഭാവന ചെയ്തിരുന്നു. 2006 മുതലാണ് തന്റെ സമ്പത്ത് വാറൻ ബഫറ്റ് ദാനം ചെയ്യാൻ ആരംഭിച്ചത്. സ്വത്തിന്റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേൽനോട്ടത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്റെ വിൽപത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വർഷമാണ്.
തന്റെ മരണത്തോടെ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സംഭാവനകൾ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വാറൻ ബഫറ്റ് കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു. മക്കളായ സൂസി ബഫെറ്റിന് 71 വയസും ഹോവാർഡ് ബഫെറ്റിന് 70 വയസും പീറ്റർ ബഫെറ്റിന് 67 വയസുമാണ് ഉളളത്. വാറൻ ബഫറ്റിന്റെ സ്വത്ത് വിതരണം ചെയ്യാൻ അവർക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
Warren Buffett donates $600 crore in shares, crossing $6,000 crore in total charity contributions, pledging 99.5% of his wealth.
Read DhanamOnline in English
Subscribe to Dhanam Magazine