
ലോകപ്രശസ്ത നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ് (Warren Buffet) ആറുപതിറ്റാണ്ടിന് ശേഷം വിരമിക്കുന്നു. 1.16 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേയുടെ (Berkshire Hathaway) സി.ഇ.ഒ സ്ഥാനത്ത് നിന്നും ഈ വര്‍ഷം അവസാനം പടിയിറങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കമ്പനിയിലെ വൈസ് ചെയര്‍മാനായ ഗ്രേഗ് അബേലാണ് (Greg Abel) പകരക്കാരന്‍.
അന്ധമായ നിക്ഷേപ രീതികള്‍ക്ക് പകരം ദീര്‍ഘകാലത്തേക്കുള്ള മൂല്യാധിഷ്ഠിത നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കിയ വാറന്‍ ബഫറ്റാണ് വാല്യൂ ഇന്‍വെസ്റ്റിംഗ് (Value Investing) എന്ന വാക്ക് ലോകത്തിന് പരിചയപ്പെടുത്തിയത്. തലമുറകളെ സ്വാധീനിച്ചെങ്കിലും വാല്യൂ ഇന്‍വെസ്റ്റിംഗില്‍ ബഫറ്റിനെ കടത്തിവെട്ടാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. പ്രതിസന്ധിയിലായിരുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേയെന്ന ടെക്‌സ്റ്റൈല്‍ നിര്‍മാണ കമ്പനിയെ 60 വര്‍ഷം മുമ്പാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. നിലവില്‍ 1.16 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണിത്. അമേരിക്കന്‍ എക്സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, ബി.വൈ.ഡി, ആപ്പിള്‍, കൊക്കക്കോള തുടങ്ങിയ വമ്പന്‍ കമ്പനികളിലെ പ്രധാന നിക്ഷേപകരാണ് ബെര്‍ക്ക്‌ഷെയര്‍.
2018 മുതല്‍ ബെര്‍ക്ക്‌ഷെയറിന് കീഴിലുള്ള നോണ്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വൈസ് ചെയര്‍മാനാണ് 62 കാരനായ അബേല്‍. 2000ല്‍ ബഫറ്റ് മിഡ് അമേരിക്കന്‍ എനര്‍ജി എന്ന കമ്പനിയെ ഏറ്റെടുക്കുന്നതോടെയാണ് അബേല്‍ ബെര്‍ക്ക്‌ഷെയറിന്റെ ഭാഗമാകുന്നത്. 2018 മുതല്‍ ബഫറ്റിന്റെ പിന്‍ഗാമിയായി അറിയപ്പെടുന്നു. 2021ല്‍ ഇക്കാര്യം ബഫറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. കമ്പനി പ്രവര്‍ത്തനങ്ങളിലെ വൈദഗ്ധ്യവും വലിയ തീരുമാനങ്ങളെടുക്കാനുള്ള കഴിവുമാണ് അബേലിനെ തിരഞ്ഞെടുക്കാനുള്ള കാരണം. കൈവെച്ച മേഖലകളിലെല്ലാം മികച്ച ലാഭമുണ്ടാക്കാനായതും അബേലിന് തുണയായി. ഇക്കൊല്ലം അവസാനത്തോടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ ബെര്‍ക്ക്‌ഷെയറിലെ തലമുറ മാറ്റത്തിന് ഔദ്യോഗിക അംഗീകാരമാകും.
മക്കളായ ഹോവാര്‍ഡ്, പീറ്റര്‍, സൂസന്‍ എന്നിവരെ പിന്തള്ളിയാണ് കുടുംബത്തിന് പുറത്തുനിന്നൊരാളെ ബഫറ്റ് തിരഞ്ഞെടുത്തത്. കൂട്ടത്തില്‍ സൂസന്‍ 2004ല്‍ അന്തരിച്ചു. സമ്പാദ്യത്തില്‍ നിന്നും വലിയ പങ്ക് മക്കള്‍ക്ക് നല്‍കിയിട്ടും കമ്പനിയുടെ പിന്‍ഗാമിയാക്കാന്‍ ബഫറ്റ് മടിച്ചതെന്തിനാണെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. കമ്പനിയുടെ ദീര്‍ഘകാലത്തേക്കുള്ള ഭാവി പരിഗണിച്ചാണ് കുടുംബ ബന്ധങ്ങള്‍ പരിഗണിക്കാതെ അബേലിനെ തിരഞ്ഞെടുത്തതെന്നാണ് ബഫറ്റ് വിശദീകരിക്കുന്നത്. കുടുംബ ബിസിനസ് സ്ഥാപിക്കാനല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Warren Buffett names Greg Abel as Berkshire Hathaway CEO successor, explaining why his children won't take over.
Read DhanamOnline in English
Subscribe to Dhanam Magazine