വയനാടിനായി ഒന്നിച്ച് ബിസിനസ് ലോകം; സാന്ത്വനവുമായി അദാനി മുതല്‍ യൂസഫലി വരെയുള്ളവര്‍ രംഗത്ത്

ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട വയനാട്ടിലെ ജനതയ്ക്ക് സഹായവുമായി ബിസിനസ് ലോകവും. എം.എ യൂസഫലി, ഗൗതം അദാനി, മുകേഷ് അംബാനി, തമിഴ് നടന്‍ വിക്രം, മമ്മൂട്ടി അടക്കം നിരവധി പ്രമുഖരാണ് സാമ്പത്തികമായും സേവനങ്ങളായും ഭക്ഷണപ്പൊതികളായും വയനാട്ടിലേക്ക് സഹായവുമായി എത്തുന്നത്.

ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍, എന്നിവര്‍ 5 കോടി രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിനൊപ്പം ദുരിത മേഖലയിലേക്ക് മരുന്നുകളും അവശ്യ വസ്തുക്കളും കമ്പനികള്‍ എത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സൈലം ലേണിംഗ്‌സ് അടക്കം ബിസിനസ് ലോകം ഒന്നടങ്കം വയനാട്ടിലേക്ക് വിവിധ രീതിയിലുള്ള സഹായങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നത്.

സഹായവുമായി ഗള്‍ഫിലെ വ്യവസായികളും

മലബാര്‍ ഗോള്‍ഡ് ആദ്യ ഘട്ടത്തില്‍ മൂന്നു കോടി രൂപയാണ് സഹായധനമായി പ്രഖ്യാപിച്ചത്. ചെയര്‍മാന്‍ എം.പി അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയും ദുരിത മേഖലയിലേക്ക് മലബാര്‍ ഗോള്‍ഡ് കയറ്റിയയച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ക്ക് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എം.പി അഹമ്മദ് പറഞ്ഞു.

വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഷംസീര്‍ വയലില്‍ ദുരിതമേഖലയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെയും വിദഗ്ധരായ സന്നദ്ധപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കും ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും സഹായവുമായി മറ്റൊരു സംഘത്തെയും വി.പി.എസ് ഗ്രൂപ്പ് അയച്ചിട്ടുണ്ട്.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകന്‍ ആസാദ് മൂപ്പന്‍ ആദ്യ ഘട്ടത്തില്‍ നാലു കോടി രൂപയാണ് സഹായം നല്‍കിയത്. ഇതില്‍ 1.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കിയത്. 2.5 കോടി രൂപ ദുരിതത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി നല്‍കും. ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള മേപ്പാടിയിലെ ആസ്റ്റര്‍ വിംസ് മെഡിക്കല്‍ കോളജ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്.

ഭക്ഷണപൊതികളുമായി ഷെഫ് പിള്ള

സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയുടെ ഉടമസ്ഥതയില്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചാരി റസ്റ്റോറന്റ് മുഖേന ദിവസവും 1000 ഭക്ഷണപ്പൊതികളാണ് മൂന്നുനേരവും ദുരന്ത മേഖലയിലേക്ക് അയയ്ക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനവും റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ ഒരുകൂട്ടം വോളന്റിയര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it