Begin typing your search above and press return to search.
വയനാട്ടില്‍ പ്രിയങ്ക തരംഗം, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് രാഹുല്‍
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട് നിയമസഭാ സീറ്റില്‍ യു.ഡി.എഫ് സാരഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭാ സീറ്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപും വിജയിച്ചു.
വയനാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഇടത് മുന്നണി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് പ്രിയങ്കാ ഗാന്ധി വിജയിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പകരമെത്തിയ പ്രിയങ്ക 5,78,526 വോട്ടുകള്‍ നേടി, 404619 വോട്ടുകളുടെ ഭൂരിപക്ഷം. ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് 1,95,551 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന് 1,04,947 വോട്ടുകളും ലഭിച്ചു.
പാലക്കാട് മുന്‍ എം.എല്‍.എ ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷത്തെ മറികടന്നാണ് 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി 38,883 വോട്ടുകളും ഇടതുസ്വതന്ത്രന്‍ ഡോ. പി.സരിന്‍ 36,267 വോട്ടുകളും നേടി.
ചേലക്കരയില്‍ തുടക്കം മുതല്‍ മുന്നേറ്റം നടത്തിയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകള്‍ പ്രദീപ് നേടി. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് 52,137 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണന്‍ 33,354 വോട്ടുകളും പിടിച്ചു.
അതേസമയം, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം മറികടന്ന് ബഹുദൂരം മുന്നിലാണ് എന്‍.ഡി.എ സഖ്യം. പ്രതിപക്ഷ മുന്നണിയെ അപ്രസക്തരാക്കി 225 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. പ്രതിപക്ഷ സഖ്യത്തിന് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം, ജാര്‍ഖണ്ഡില്‍ മുന്നേറ്റം ഇന്ത്യാ മുന്നണിക്ക്. ഇന്ത്യാ സഖ്യം 51 സീറ്റുകളും എന്‍.ഡി.എ 29 സീറ്റുകളും ലഭിച്ചു.
Next Story
Videos