വയനാടിനെ തഴഞ്ഞ് കേന്ദ്രം; പ്രതിഷേധം കനക്കുന്നു; ചൊവ്വാഴ്ച ഹര്‍ത്താല്‍

ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെ
വയനാടിനെ തഴഞ്ഞ് കേന്ദ്രം; പ്രതിഷേധം കനക്കുന്നു; ചൊവ്വാഴ്ച ഹര്‍ത്താല്‍
Published on

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് 100 ദിവസത്തിലേറെ പിന്നിട്ടിട്ടും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായമെത്താത്തതില്‍ പ്രതിഷേധം കനക്കുന്നു. കേന്ദ്ര നിലപാടിനോടുള്ള പ്രതിഷേധമായി വയനാട്ടില്‍ ചൊവ്വാഴ്ച  ഹര്‍ത്താല്‍ നടക്കും. എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തു വന്നതോടെയാണ് ഇരുമുന്നണികളും സമര രംഗത്തിറങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദുരന്തബാധിതരെയും നിരാശരാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന, പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി യു.ഡി.എഫാണ് ഹര്‍ത്താലിന് ആദ്യം ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെയാണ് എല്‍.ഡി.എഫും ചൊവ്വാഴ്ച തന്നെ ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍

കേന്ദ്ര സര്‍ക്കാര്‍ നിലപാട്

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഓഗസ്റ്റ് രണ്ടിന് വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കത്ത് കെ.വി.തോമസ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലും കേന്ദ്രസര്‍ക്കാര്‍ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നും നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണെന്നും മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന്റൈ ദുരന്ത നിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇതുവരെ കേരളത്തിന് നല്‍കിയത്

2024-25 വര്‍ഷത്തേക്കുള്ള ദുരന്തനിവാരണ ഫണ്ട് ഇതിനകം കേരളത്തിന് നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. രണ്ട് തവണയായി 388 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 291 കോടി രൂപ നേരത്തെ നല്‍കിയിട്ടുണ്ട്. ജൂലൈ 31 ന് 145 കോടി രൂപയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുക മുന്‍കൂറായും നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്. കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് ദുരന്തനിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എസ്.ഡി.ആര്‍എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ ആവഗണിക്കുകയാണെന്ന് എല്‍.ഡി.എഫും യു.ഡി.എഫും കുറ്റപ്പെടുത്തുന്നു. കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. യു.ഡി.എഫ് എം.പി.മാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com