ടൂറിസം രംഗത്ത് വയനാടിന് നഷ്ടം ₹992 കോടി; സഞ്ചാരികളുടെ മടങ്ങി വരവില്‍ പ്രതീക്ഷ

ചൂരല്‍മലയിലുണ്ടായ ദുരന്തത്തിന് പിന്നാലെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ വയനാട് ജില്ലയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയില്‍. രണ്ടുമാസത്തോളം നീണ്ട ദുരിത കാലത്തിന് വിരാമമിട്ട് പൂജ അവധി ദിവസങ്ങളില്‍ ജില്ലയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എണ്ണത്തില്‍ കുറവാണെങ്കിലും വലിയൊരു ദുരന്തത്തെ അതിജീവിച്ച ജില്ലയ്ക്ക് ഈ കണക്കുകള്‍ നല്‍കുന്നത് പുതുപ്രതീക്ഷയാണ്. തണുപ്പുകാലം തുടങ്ങുന്നതോടെ വയനാടന്‍ കുന്നുകളുടെ സൗന്ദര്യമാസ്വദിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ടൂറിസം രംഗത്തുള്ളവരും.

വയനാട് ദുരന്തമെന്ന പ്രചാരണം തിരിച്ചടിയായി

ജില്ലയിലെ വളരെ ചെറിയൊരു പ്രദേശത്ത് മാത്രമുണ്ടായ ദുരന്തത്തെ വയനാട് ദുരന്തമെന്ന പേരില്‍ പ്രചരിപ്പിച്ചത് ടൂറിസത്തിന് വലിയൊരു തിരിച്ചടിയായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തില്‍ വയനാട്ടിലുണ്ടായ ദുരന്തമെന്നാണ് പ്രചരിച്ചത്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഇത് സംസ്ഥാനത്തെയാകെ ബാധിച്ച ദുരന്തമായി. ഇതിന് പിന്നാലെ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ പോലും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുന്ന അവസ്ഥയുണ്ടായെന്ന് വയനാട്ടിലെ പ്രമുഖ റിസോര്‍ട്ടുകളിലൊന്നായ വൈത്തിരി റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോ ജോസ് കൈനടി അടുത്തിടെ കൊച്ചിയില്‍ നടന്ന ട്രാവല്‍ മാര്‍ട്ടിനിടെ പറഞ്ഞിരുന്നു.

കോടികളുടെ നഷ്ടം

ദുരന്തത്തിന് പിന്നാലെ വയനാട്ടിലെ ടൂറിസം മേഖലയിലാകെ പ്രതിസന്ധി ബാധിച്ചു.

ഹോം സ്‌റ്റേ മുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള റിസോര്‍ട്ടുകള്‍ വരെ സന്ദര്‍ശകരില്ലാതെ ബുദ്ധിമുട്ടി. ദുരന്ത ശേഷമുള്ള രണ്ട് മാസത്തെ കണക്കെടുത്താല്‍ ജില്ലയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ഏതാണ്ട് 992.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍റെ കണക്ക്. 220.56 കോടി രൂപയുടെ നേരിട്ടുള്ള നഷ്ടവും അനുബന്ധ മേഖലകളില്‍ 771.75 കോടി രൂപയുടെ നഷ്ടവും സംഭവിച്ചെന്ന് വയനാട് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് കെ.ആര്‍ വഞ്ചീശ്വരന്‍ പറയുന്നു. റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും പുതിയ ബുക്കിംഗ് ലഭിച്ചില്ലെന്ന് മാത്രമല്ല മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ബുക്കിംഗുകള്‍ ക്യാന്‍സലാവുകയും ചെയ്തു. ഇതോടെ റിസോര്‍ട്ടുകളിലെ തൊഴിലാളികള്‍ക്ക് ജോലി കുറഞ്ഞു. അനുബന്ധ മേഖലകളിലേക്കും പ്രതിസന്ധി ബാധിച്ചുവെന്നും വഞ്ചീശ്വരന്‍ പറയുന്നു. ദുരന്തത്തിന് മുമ്പ് 280 രൂപയുണ്ടായിരുന്ന വയനാട്ടിലെ ചിക്കന്‍ വില 200 രൂപയിലേക്കെത്തിയത് പ്രതിസന്ധി ഏതൊക്കെ മേഖലയിലേക്ക് ബാധിച്ചുവെന്നതിന് തെളിവാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

ദീപാവലി കഴിഞ്ഞാല്‍ കൂടുതൽ പേർ എത്തും

2023ലെ പൂജാ അവധിക്ക് 1,25,745 പേരാണ് വയനാട്ടിലെത്തിയതെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കണക്ക്. ഇവരില്‍ നിന്നും 81.58 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ഇത്തവണ ഒരു കോടിയിലേറെ രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദുരന്തം എല്ലാത്തിനെയും തകിടം മറിച്ചു. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെയെത്തിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ വയനാട് ഉത്സവ് വലിയ വിജയം നേടിയത് പ്രതീക്ഷ നല്‍കുന്നതാണെന്ന് വയനാട് ഡി.ടി.പി.സി അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും ദീപാവലി അവധി സമയത്തും നവംബര്‍ മുതലുള്ള മാസങ്ങളിലും. അടുത്ത മാസത്തേക്ക് കൂടുതല്‍ ബുക്കിംഗുകള്‍ വരുന്നതും പ്രതീക്ഷയാണ്.

വയനാട് ഫുള്‍ ഓണാണ്

ചൂരല്‍മലയിലെ ദുരന്ത സമയത്ത് അടച്ച ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം ഇതിനോടകം തുറന്നിട്ടുണ്ട്.

മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ സഫാരി ഒരാഴ്ച മുമ്പ് പുനരാരംഭിച്ചു. മറ്റൊരു പ്രധാന ആകര്‍ഷണമായ കുറുവാ ദ്വീപും സഞ്ചാരികള്‍ക്കായി തുറന്നു. ചെമ്പ്ര പീക്ക് ട്രക്കിംഗ്, ബാണാസുര-മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്-ആനച്ചോല ട്രക്കിംഗ് എന്നിവിടങ്ങളില്‍ 21 മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നവംബര്‍ ഒന്ന് മുതലാണ് പ്രവേശനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തുകയും പ്രവേശന ഫീസ് കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതോടെ വയനാട് സഞ്ചാരികള്‍ക്ക് മായിക കാഴ്ചയൊരുക്കാന്‍ പൂര്‍ണമായും റെഡിയാകും.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it