ലോകത്തെ സമ്പന്നരുടെ ഇഷ്ട ഇടം; മലയാളികള്‍ക്ക് അവസരങ്ങളുടെ തമ്പുരാന്‍; ഇവിടേക്ക് ഈ വര്‍ഷം മാത്രം കുടിയേറുന്നത് 6,700 കോടീശ്വരന്മാര്‍!

ലോകസമ്പന്നരെ ആകര്‍ഷിക്കുന്നതില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) മുന്നിലെന്ന് ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മാനേജ്‌മെന്റ് റിപ്പോര്‍ട്ട്. ഏതാണ്ട് 1,28,000 അതിസമ്പന്നരാണ് 2024ല്‍ പുതിയൊരു രാജ്യത്തേക്ക് താമസം മാറ്റുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ യു.എ.ഇയും യു.എസ്.എയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അതിസമ്പന്നര്‍ യു.എ.ഇയിലെ ദുബായ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലേക്ക് താമസം മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മില്യന്‍ ഡോളറോ (ഏകദേശം 8.4 കോടി രൂപ) അതിന് മുകളിലോ നിക്ഷേപിക്കാനുള്ള സമ്പാദ്യമുള്ളവരെയാണ് ഇക്കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നത്.

എന്തുകൊണ്ട് ദുബായ്?

ഏഴ് എമിറേറ്റുകള്‍ അടങ്ങിയ യു.എ.ഇയിലെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരമാണ് ദുബായ്. രാഷ്ട്രീയ സ്ഥിരത, കുറഞ്ഞ നികുതി, വ്യക്തി സ്വാതന്ത്ര്യം, വ്യവസായ സൗഹൃദം, ഗോള്‍ഡന്‍ വിസ, ആഡംബര ജീവിതശൈലി, തന്ത്രപരമായ സ്ഥാനം തുടങ്ങിയ കാരണങ്ങളാണ് മിക്കവരെയും ദുബായിലേക്ക് എത്തിക്കുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലാണ് മിക്ക സമ്പന്നരും നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നത്. ഇന്ത്യയുടെ അഞ്ചാമത്തെ നഗരമെന്നും കേരളത്തിന്റെ 15-ാമത് ജില്ലയെന്നുമൊക്കെ അറിയപ്പെടുന്ന നഗരമായ ദുബായിലേക്ക് ഇക്കൊല്ലം വിവിധ രാജ്യങ്ങളില്‍ നിന്ന് 6,700 അതിസമ്പന്നര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ, മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുബായിലെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പന്ന കുടിയേറ്റം അത്ര പ്രധാനമാണോ?

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും സുസ്ഥിരതയും അടയാളപ്പെടുത്തുന്ന സൂചകം കൂടിയാണ് ആ രാജ്യത്തേക്കുള്ള സമ്പന്നരുടെ കുടിയേറ്റം. വലിയ രീതിയിലുള്ള വിദേശ നാണ്യ വിനിമയം സാധ്യമാക്കാന്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് കഴിയും. ഇത്തരക്കാര്‍ പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ രാജ്യത്തെ ഓഹരി വിപണിക്കും ഇത് ഗുണകരമാണ്. കൂടാതെ ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള പ്രീമിയം സേവനങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമായതിനാല്‍ വലിയ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങളും വര്‍ധിക്കും. ഇത്തരം കുടിയേറ്റം രാജ്യങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ച, പുതിയ കണ്ടുപിടിത്തങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും.

മറ്റ് രാജ്യങ്ങള്‍

ലോക സമ്പന്നര്‍ പുതിയ താമസയിടമായി പരിഗണിക്കുന്നതില്‍ രണ്ടാം സ്ഥാനം യു.എസ്.എയ്ക്കാണുള്ളത്. 3,800 പേരാണ് ഇക്കൊല്ലം അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ചേക്കാറാനിരിക്കുന്നത്. 3,500 പേരെത്തുന്ന സിംഗപ്പൂരാണ് മൂന്നാം സ്ഥാനത്ത്. കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും സമ്പന്നരുടെ പ്രിയപ്പെട്ട ഇടങ്ങളാണെന്നും ഹെന്‍ലി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സമ്പന്നരുടെ കൊഴിഞ്ഞുപോക്കില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഇക്കൊല്ലം ചൈനയില്‍ നിന്നാണ് ഏറ്റവുമധികം സമ്പന്നര്‍ പുതുരാജ്യം തേടി പോകുന്നതെന്നും ഹെന്‍ലി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 15,200 പേരാണ് ഇക്കൊല്ലം ചൈനയില്‍ നിന്നും പുറത്തുപോകുന്നത്. ചൈനയിലെ തൊട്ടുപിന്നില്‍ യു.കെയാണുള്ളത്. 4,300 പേര്‍ പുറത്തേക്ക് പോകുമെന്ന് പ്രവചനമുള്ള ഇന്ത്യയാണ് വിദേശ സമ്പന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യം, പ്രീമിയം ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ തുടങ്ങിയവ തേടിയാണ് മിക്കവരും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Next Story
Videos
Share it