

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ രംഗത്തെ മുന്‍നിരക്കാരായ ശാദിഡോട്ട്‌കോം (shaadi.com) പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ കമ്പനിയാണ് ശാദിഡോട്ട്‌കോം. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ തുടക്കകാലത്ത് ഓണ്‍ലൈന്‍ വിപ്ലവത്തിലേക്ക് വന്ന കമ്പനിയാണിത്.
സഹായിഡോട്ട്‌കോം (saggai.com) എന്ന പേരില്‍ 1997ലായിരുന്നു തുടക്കം. 1999ല്‍ ശാദിഡോട്ട്‌കോം എന്ന പേരിലേക്ക് മാറി. ഇന്ത്യയാണ് പ്രധാന മാര്‍ക്കറ്റെങ്കിലും പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഓഫീസുകളുമുണ്ട്. 2022-23 സാമ്പത്തികവര്‍ഷം 261 കോടി രൂപയായിരുന്നു വരുമാനം.
മുംബൈ ആസ്ഥാനമായുള്ള കമ്പനി ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപക ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഐപിഒ ഉപദേശകരെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഓണ്‍ലൈന്‍ മാട്രിമോണി രംഗത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. മാട്രിമോണിഡോട്ട്‌കോം ജീവന്‍സാഥിഡോട്ട്‌കോം എന്നീ കമ്പനികളാണ് ശാദിഡോട്ട്‌കോമിന്റെ മുഖ്യ എതിരാളികള്‍. ഇതില്‍ മാട്രിമോണിഡോട്ട്‌കോം 2017ല്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു.
കടുത്ത മത്സരം നടക്കുന്നതും ഇന്ത്യക്കാരുടെ വിവാഹത്തോടുള്ള സമീപനത്തില്‍ മാറ്റംവരുന്നതും ഇത്തരം മാട്രിമോണിയല്‍ കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ കൂടുതല്‍ കമ്പനികള്‍ വരുന്നതും കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തെ ഐപിഒ മാര്‍ക്കറ്റ് 19 ബില്യണ്‍ ഡോളര്‍ കടന്നു. കഴിഞ്ഞ വര്‍ഷത്തെ 21 ബില്യണ്‍ ഡോളറിനെ മറികടക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ മുന്നോട്ടു വരുന്നത് വിപണിയെ ചലനാത്മകമായി നിര്‍ത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine