പൊണ്ണത്തടി കുറക്കാനുള്ള ഈ മരുന്നാണ് ട്രെന്‍ഡ്! അപകടം പതിയിരിക്കുന്നു, വണ്ണം കുറക്കാന്‍ കിട്ടുന്നതെന്തും കഴിക്കാമോ?

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗും വര്‍ധിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്
Chat GPT Image
Chat GPT Image
Published on

വണ്ണം കുറക്കാനുള്ള 'ട്രെന്‍ഡിംഗ്' മരുന്നായി മാറിയ സെമാഗ്ലൂറ്റൈഡിന്റെ (Semaglutide) ഉപയോഗത്തില്‍ നിയന്ത്രണം ശക്തമാക്കി ഇന്ത്യയുടെ മരുന്ന് നിയന്ത്രണ അതോറിറ്റി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍, സെമാഗ്ലൂറ്റൈഡ് പോലുള്ള ശക്തമായ മരുന്നുകള്‍ ഹോര്‍മോണ്‍ ചികിത്‌സാ വിദഗ്ധരായ എന്‍ഡോക്രിനോളജിസ്റ്റുകള്‍ മാത്രം നിര്‍ദ്ദേശിക്കണം എന്നാണ് വ്യക്തമാക്കിയത്. യോഗ്യതയില്ലാത്തവര്‍ വെല്‍നെസ് സെന്ററുകളിലൂടെ മരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചെലവു കുറവ്, സുരക്ഷ അപകടത്തില്‍

ഡാനിഷ് ഫാര്‍മ കമ്പനിയായ നൊവോ നോര്‍ഡിസ്‌കിന്റെ (Novo Nordisk) സെമാഗ്ലൂറ്റൈഡ് പാറ്റന്റ് അവകാശം ഇന്ത്യയില്‍ അവസാനിച്ചതോടെ, നിരവധി ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ കുറഞ്ഞ വിലയിലുള്ള പതിപ്പുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ചികിത്സാ ചെലവ് 50%-70% വരെ കുറയ്ക്കും എന്നാണ് കണക്കാക്കുന്നത്. അതോടെ കൂടുതല്‍ ആളുകള്‍ക്ക് മരുന്ന് ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഇതോടൊപ്പം തന്നെ, നിയന്ത്രണമില്ലാത്ത ഉപയോഗം വര്‍ധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

സെമാഗ്ലൂറ്റൈഡ് ആദ്യം വികസിപ്പിച്ചത് ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാന്‍ വേണ്ടിയാണ്. വിശപ്പും ഇന്‍സുലിന്‍ നിലയും നിയന്ത്രിക്കുന്ന ഈ മരുന്ന്, പിന്നീട് വണ്ണം കുറക്കാനും ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ ലോകമെമ്പാടും വലിയ ഡിമാന്‍ഡായി. ഇന്ത്യയിലും ഇത് വണ്ണം കുറക്കാനുള്ള 'ക്വിക്ക് ഫിക്സ്' ആയി ഉപയോഗിക്കപ്പെടുന്ന പ്രവണത ഉയരുകയാണ്.

തടി കുറക്കാനുള്ള മരുന്നല്ല

ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്, സെമാഗ്ലൂറ്റൈഡ് സുരക്ഷിതമായി ഉപയോഗിക്കേണ്ട ശക്തമായ മരുന്നാണ് എന്നതാണ്. നിയന്ത്രണമില്ലാതെ ഉപയോഗിച്ചാല്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി, വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍, വേഗത്തില്‍ ഭാരം കുറയുന്നതിനാല്‍ പേശി നഷ്ടം, ആകാംക്ഷ, മാനസിക സമ്മര്‍ദ്ദം, ദീര്‍ഘകാല ആശ്രിതത്വം എന്നിവയൊക്കെ പാര്‍ശ്വഫലങ്ങളാണ്. മരുന്ന് നിര്‍ത്തിയാല്‍ ഭാരം വീണ്ടും കൂടാനുള്ള സാധ്യതയും ഉയര്‍ന്നതാണ്.

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗും വര്‍ധിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിരീക്ഷണവും നടപടികളും ഉണ്ടാകുമെന്ന് സൂചന. വെല്‍നെസ് സെന്ററുകളില്‍ നടത്തിയ റെയ്ഡുകള്‍ ഇതിന്റെ തുടക്കമായാണ് വിലയിരുത്തുന്നത്.

സെമാഗ്ലൂറ്റൈഡ് നിര്‍ദ്ദേശിക്കുന്നത് എന്‍ഡോക്രിനോളജിസ്റ്റുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്നതിനെതിരെ ചില ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. രാജ്യത്ത് വിദഗ്ധരുടെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ചികിത്സ ലഭ്യതയെ ബാധിക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

മരുന്നാണ്, ഓര്‍ക്കണം

ഇന്ത്യയില്‍ പൊണ്ണത്തടിയുള്ളവര്‍ വര്‍ധിക്കുന്നതിനാല്‍ സെമാഗ്ലൂറ്റൈഡ് വലിയ സാധ്യതകളുള്ള ചികിത്സാ മാര്‍ഗമാണ്. എന്നാല്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ചാല്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാനും സാധ്യതയുണ്ട്. വില കുറഞ്ഞ പതിപ്പുകള്‍ വിപണിയിലേക്ക് എത്തുന്ന ഈ ഘട്ടത്തില്‍, മരുന്നിന്റെ ലഭ്യതയേക്കാള്‍ സുരക്ഷിതമായ ഉപയോഗം പ്രധാന വെല്ലുവിളിയായി മാറുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com