ക്ഷേമനിധിയുമായി സര്‍ക്കാര്‍; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇനി പെന്‍ഷനും പഠനസഹായവും

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധിയുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ഘാടനം സംസ്ഥാനത്ത് ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) നടപ്പാക്കിയ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

സുരക്ഷയും ക്ഷേമവും

പഠനസഹായം, വിവാഹ ധനസഹായം, പെന്‍ഷന്‍ ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ക്ഷേമനിധിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരു പദ്ധതികളിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും.

അപേക്ഷിക്കുന്ന വര്‍ഷമോ തൊട്ടുമുമ്പുള്ള രണ്ടുവര്‍ഷങ്ങളിലോ ഒരുവര്‍ഷം കുറഞ്ഞത് 20 ദിവസമെങ്കിലും തൊഴില്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാം.രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി ക്ഷേമനിധിയിലേക്ക് നല്‍കും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. 18 വയസ് പൂര്‍ത്തിയായതും 55 വയസ് കഴിയാത്തവര്‍ക്കും അംഗത്വത്തിന് അപേക്ഷിക്കാം.

ആനുകൂല്യങ്ങള്‍ ഏറെ

60 വയസ് പൂര്‍ത്തിയായിട്ടുളളതും 60 വയസ് വരെ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളളതുമായി അംഗങ്ങള്‍ക്ക് പെന്‍ഷന്‍, 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍, അസുഖം അല്ലെങ്കില്‍ അപകടം മൂലം ഒരംഗം മരണപ്പെട്ടാല്‍ സാമ്പത്തിക സഹായം തുടങ്ങിയവ ക്ഷേമനിധി ലഭ്യമാക്കും. കൂടാതെ ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹം, അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം, അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം എന്നിവയും ക്ഷേമനിധി വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles
Next Story
Videos
Share it